കോഴിക്കോട്: കെ.എം ഷാജി എംഎല്‍എയുടെ വീട് പൊളിച്ചു മാറ്റാന്‍ നോട്ടീസ്. കോഴിക്കോട് നഗരസഭയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പ്ലാനിലെ അനുമതിയേക്കാള്‍ വിസ്തീര്‍ണം കൂട്ടി വീട് നിര്‍മിച്ചതിനാലാണ് നടപടി. 3200 ചതുരശ്രയടിക്കാണ് കോർപ്പറേഷനിൽ നിന്ന് അനുമതി എടുത്തത്. പക്ഷേ 5500 ചതുരശ്രയടിയിലധികം വിസ്തീർണമുണ്ടെന്നാണ് അളവെടുപ്പിൽ വ്യക്തമായത്. 2016ൽ പൂർത്തിയാക്കിയ പ്ലാൻ നൽകിയിരുന്നെങ്കിലും അനുമതിയില്ലാതെ നടത്തിയ നിർമാണം ക്രമവത്കരിക്കാൻ കോർപ്പറേഷൻ നൽകിയ നോട്ടീസിന് മറുപടി നൽകാത്തതിനാൽ വീടിന് നമ്പർ ലഭിച്ചിട്ടില്ല.
മൂന്നാം നിലയിലാണ് അധികനിർമാണം നടത്തിയതെന്ന് കോർപ്പറേഷൻ അധികൃതർ പറഞ്ഞു. വ്യാഴാഴ്ച കോഴിക്കോട് നഗരസഭാ ഉദ്യോഗസ്ഥര്‍ എംഎല്‍എയുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ നിര്‍ദേശപ്രകാരമാണ് എംഎല്‍എയുടെ വീടും സ്ഥലവും അളന്നു തിട്ടപ്പെടുത്തിയത്. പരിശോധന നടക്കുമ്പോൾ എംഎല്‍എ വീട്ടിലുണ്ടായിരുന്നില്ല. അഴീക്കോട് സ്‌കൂളില്‍ പ്ലസ്‌ടു ബാച്ച് അനുവദിക്കുന്നതിന് ഷാജി കോഴ വാങ്ങിയെന്ന പരാതിയില്‍ ഇഡി അന്വേഷണം തുടങ്ങിയിരുന്നു. ഇതിന്‍റെ ഭാഗമായിട്ടായിരുന്നു പരിശോധന. 2014ല്‍ ഷാജിക്ക് 25 ലക്ഷം കൈമാറിയെന്ന കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പത്മനാഭന്‍റെ പരാതിയിലാണ് അന്വേഷണം.