കോഴിക്കോട്: സ്ഥാനാർഥി പ്രഖ്യാപനം വന്നപ്പോള്‍ വർഷങ്ങളായി പാണക്കാട്ടേക്ക് കണ്ണും നട്ടുനിരുന്നവർക്ക് തെല്ലൊരാശ്വാസം. 25 വർഷത്തെ കാത്തിരിപ്പിന് ശേഷം നിയമസഭയിലേക്ക് ഒരു വനിതാ സ്ഥാനാർഥിയെ മുസ്ലീം ലീഗ് പ്രഖ്യാപിച്ചു. അഭിഭാഷകയായ നൂര്‍ബീന റഷീദാണ് മുസ്ലീം ലീഗിന്‍റെ വനിതാ സ്ഥാനാര്‍ഥിയായി കോഴിക്കോട് സൗത്തില്‍ നിന്ന് മത്സരിക്കുന്നത്. 1996ൽ ഖമറുന്നീസ അൻവർ മത്സരിച്ചു തോറ്റ അതേ മണ്ണിലാണ് നൂർബീന മത്സരത്തിനിറങ്ങുന്നത്. 8766 വോട്ടിന് എളമരം കരീമിനോടാണ് ഖമറുന്നീസ തോറ്റത്.
2018ലാണ് ലീഗിന്‍റെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് നൂർബീന എത്തിയത്. ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റിൽ വനിതാ നേതാക്കൾ ആദ്യമായി അംഗമാകുന്നതും ആദ്യമായിരുന്നു . വനിത ലീഗ് സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട്, ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബീന റഷീദ്, സംസ്ഥാന സെക്രട്ടറി പി കുല്‍സു എന്നിവരുടെ പേരുകള്‍ സ്ഥാനാര്‍ഥിത്വത്തിന് പരിഗണിക്കണമെന്ന് കാണിച്ച് വനിതാ ലീഗ് നേതൃത്വം നേരത്തെ തന്നെ ലീഗ് നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു.
സമസ്തയുടെ എതിർപ്പ് കാരണമാണ് വനിത സ്ഥാനാർഥികൾ ഇല്ലാതിരുന്നത് എന്നതായിരുന്നു ലീഗിൻ്റെ ന്യായീകരണം. എന്നാൽ വനിതകളെ സ്ഥാനാര്‍ഥിയാക്കുന്നതിൽ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്ന വിശദീകരണവുമായി സമസ്ത നേതാക്കള്‍ രംഗത്തെത്തിയതോടെയാണ് ലീഗ് നിലപാട് മാറ്റിയത്.