കോഴിക്കോട് : വയനാട് മുട്ടിൽ മരംമുറിക്കേസിൽ ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടിയുണ്ടാകില്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. കേസിൽ സമഗ്ര അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം മാത്രമേ തുടർ നടപടിയുണ്ടാകുവെന്നും മന്ത്രി വ്യക്തമാക്കി.
റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ആരെ ശിക്ഷിക്കണം എന്ത് ശിക്ഷ നൽകണം എന്നെല്ലാം തീരുമാനിക്കാനാകൂവെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു. മുട്ടിൽ മരംമുറി കേസിൻ്റെ ഉന്നതതല അന്വേഷണം ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ തുടരുകയാണ്.
Read More: കാട്ടിലെ തടി തേവരുടെ ആന, മുറിച്ച് കടത്താൻ സർക്കാർ ഓർഡറും
ക്രൈംബ്രാഞ്ച് വിജിലൻസ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത സംഘമാണ് അന്വേഷണം നടത്തുന്നത്. മരംമുറി കേസിന് ആധാരമായ റവന്യൂ വകുപ്പിൻ്റെ വിവാദ ഉത്തരവിനെ ന്യായീകരിച്ച് മന്ത്രി കെ രാജനും രംഗത്തെത്തിയിരുന്നു.
കർഷകർക്ക് വേണ്ടി ഇറക്കിയ ഉത്തരവ് ചിലർ ദുരുപയോഗപ്പെടുത്തിയത് ഉത്തരവിൻ്റെ കുറ്റമല്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇക്കാര്യത്തിൽ സർക്കാരിന് വീഴ്‌ച സംഭവിച്ചിട്ടില്ലെന്നും മന്ത്രി പ്രതികരിച്ചു.