കോഴിക്കോട് : നിപ (Nipah) രോഗലക്ഷണമുള്ള രണ്ടുപേരുടെ സാമ്പിൾ കൂടി പരിശോധനയ്‌ക്കായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് (Pune Virology Institute) അയച്ചു. സമ്പർക്ക പട്ടികയിലുള്ള (Nipah Contact List) രണ്ട് ആരോഗ്യ പ്രവർത്തകരുടെ (Health Workers) സാമ്പിളുകളാണ് പരിശോധനയ്‌ക്കയച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരാണിവർ (Nipah Virus More Samples For Test).
പരിശോധനയിലേക്ക് ഇങ്ങനെ : മരുതോങ്കരയിൽ മരിച്ച വ്യക്തിയുമായാണ് ഇവര്‍ക്ക് സമ്പർക്കമുണ്ടായിരുന്നത്. ഇയാളുടെ റൂട്ട് മാപ്പ് പഞ്ചായത്ത് തയ്യാറാക്കിയിരുന്നു. ഓഗസ്‌റ്റ് 22 ന് ലക്ഷണങ്ങൾ തുടങ്ങി. ഇയാള്‍ 23 ന് വൈകീട്ട് ഏഴ് മണിക്ക് തിരുവള്ളൂരിൽ കുടുംബ ചടങ്ങിൽ പങ്കെടുത്തു. 25 ന് 11 മണിക്ക് മുള്ളംകുന്ന് ഗ്രാമീണ ബാങ്ക് സന്ദർശിച്ച ഇയാള്‍, ഇതേ ദിവസം 12.30ന് കള്ളാഡ് ജുമ മസ്‌ജിദിലുമെത്തി.
26 ന് രാവിലെ 11 മുതൽ 1.30 വരെ കുറ്റ്യാടിയിലെ ഡോ.ആസിഫലി ക്ലിനിക്കിൽ ചികിത്സ തേടി. 28ന് രാത്രി 09.30ന് തൊട്ടിൽപ്പാലം ഇഖ്റ ആശുപത്രിയിൽ ചികിത്സ തേടി. 29ന് അർധരാത്രി കോഴിക്കോട്ടെ ഇഖ്റയിലേക്ക് മാറ്റിയെങ്കിലും 30ന് പുലർച്ചെ മരിക്കുകയുമായിരുന്നു.
ജാഗ്രത തുടരുന്നു : റൂട്ട് മാപ്പ് തയ്യാറായതോടെ സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 350 ആയി വർധിച്ചു. ആയഞ്ചേരി സ്വദേശിയുടെ സമ്പർക്ക പട്ടിക കൂടി ഇതിൽ ഉൾപ്പെടും. ഹൈ റിസ്‌ക് വിഭാഗത്തിലാണ് കൂടുതൽ പേരും ഉൾപ്പെട്ടിരിക്കുന്നതെന്ന് ജില്ല കലക്‌ടർ പറഞ്ഞു. അതിനിടെ കണ്ടെയ്ൻമെൻ്റ് സോണിലുള്ള സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസ് നൽകുന്നതിൻ്റെ നടപടികൾ ആരംഭിച്ചു. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്ക് സർക്കാർ നിർദേശം നൽകിയിരുന്നു.