കോഴിക്കോട് : നിപ വൈറസ് (Nipah Virus) വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സെപ്‌റ്റംബർ 23 വരെ അവധി (Holiday for Educational Institutions) പ്രഖ്യാപിച്ച് ജില്ല കലക്‌ടർ. അവധി തീരും വരെ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓൺലൈൻ ക്ലാസുകൾ മാത്രമെന്നാണ് അറിയിപ്പ്. വിദ്യാർഥികളെ ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കരുതെന്ന് കലക്‌ടറുടെ ഉത്തരവില്‍ പറയുന്നു. അംഗൻവാടികൾ, കോച്ചിങ് സെന്‍ററുകൾ, മദ്രസകൾ എന്നിവക്കും ഓൺലൈൻ ക്ലാസുകളായിരിക്കും. പൊതു പരീക്ഷ മാറ്റമില്ലാതെ തുടരുമെന്നും അറിയിപ്പിലുണ്ട്.
അതേസമയം, നിപ പരിശോധനക്ക് അയച്ച 11 സാംപിളുകൾ കൂടി നെഗറ്റീവ് എന്ന് റിപ്പോർട്ട് ലഭിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് (Veena George) അറിയിച്ചു. പുതിയ പോസിറ്റീവ് കേസുകൾ ഒന്നും ഇല്ലെന്നും ചികിത്സയിലുള്ള ഒൻപത് വയസുകാരന്‍റെ നില മെച്ചപ്പെട്ടതായും മന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
ആദ്യം മരിച്ച വ്യക്തി പോയ സ്ഥലങ്ങൾ കണ്ടെത്താൻ പൊലീസ് സഹായത്തോടെയാണ് ശ്രമിക്കുന്നത്. മരുതോങ്കര സ്വദേശിക്ക് രോഗ ലക്ഷണം ഉണ്ടായ ദിവസത്തിന് മുമ്പുള്ള ദിവസങ്ങളിൽ അയാൾ പോയ സ്ഥലങ്ങൾ കൂടി കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, നിപ സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 1080 ആയി.
ഇതുവരെ ആറ് പേർക്കാണ് നിപ സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് പേർ മരണപ്പെട്ടിരുന്നു. നാല് പേരാണ് ചികിത്സയിലുള്ളത്. 83 പേരുടെ പരിശോധന ഫലം ഇതുവരെ നെഗറ്റീവായിട്ടുണ്ട് (Nipah virus spread Kozhikode). കോഴിക്കോട് നഗരത്തിൽ നിപ കേസുകൾ റിപ്പോർട്ട് ചെയ്‌തതോടെ എല്ലാ മേഖലയിലും ആരോഗ്യ വകുപ്പ് നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട് (Nipah restrictions Kozhikode).
Also Read : Nipah Cases Kozhikode: പുതിയ സമ്പര്‍ക്ക പട്ടികയില്‍ 1080 പേര്‍, കൂടുതല്‍ പരിശോധന ഫലം ഇന്ന് പുറത്തുവരും
കോഴിക്കോട് കോർപറേഷനിലെ ഏഴു വാർഡുകളും ഫറോക്ക് നഗരസഭയും കണ്ടെയ്ൻമെന്‍റ് സോണുകളാക്കി പ്രഖ്യാപിച്ചു. (Nipah containment zones Kozhikode).കോർപറേഷനിലെ 43, 44, 45, 46, 47, 48, 51 വാർഡുകളാണ് കണ്ടെയ്ൻമെന്‍റ് സോണുകളാക്കിയിട്ടുള്ളത്. ഫറോക്ക് നഗരസഭയിലെ എല്ലാ വാർഡുകളും നിലവിൽ കണ്ടെയ്ൻമെന്‍റ് സോണുകളാണ്. അതേസമയം, കഴിഞ്ഞ ദിവസം നിപ സ്ഥിരീകരിച്ച 39 വയസുകാരനായ ചെറുവണ്ണൂർ സ്വദേശിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടിരുന്നു.