കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാനാണ് ശ്രമമെങ്കിൽ നേരിടുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്‌ദുൽ സത്താർ. കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയച്ചില്ലെങ്കിൽ നാളെ ഹർത്താൽ നടത്തുമെന്നും മുന്നറിയിപ്പ്. ആർഎസ്എസ് അജണ്ടയാണ് കേന്ദ്ര ഏജൻസി നടപ്പിലാക്കുന്നതെന്നും സത്താർ പറഞ്ഞു.
കേരളമടക്കം 11 സംസ്ഥാനങ്ങളിലാണ് പിഎഫ്ഐ കേന്ദ്രങ്ങളിലും നേതാക്കളുടെ വീടുകളിലും എൻഐഎ പരിശോധന നടന്നത്. തീവ്രവാദത്തിന് പരിശീലനം നൽകൽ, തീവ്രവാദത്തിലേക്ക് ആളുകളെ കൂട്ടാൻ വിദേശ പണം ഉപയോഗപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് റെയ്‌ഡും കസ്റ്റഡിയും നടന്നത്. ദേശീയ ചെയർമാൻ ഒഎംഎ സലാം, ദേശീയ സെക്രട്ടറി നസറുദീൻ എളമരം എന്നിവർ അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തു.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ബുധനാഴ്‌ച അർധരാത്രിയോടെയാണ് എൻഐഎ ഉദ്യോഗസ്ഥർ റെയ്‌ഡിനായി എത്തിയത്. 70 കേന്ദ്രങ്ങളിൽ നടന്ന റെയ്‌ഡ് പുലർച്ചെ വരെ തുടർന്നു. പലസ്ഥലത്തും രാവിലെയും റെയ്‌ഡ് തുടരുകയാണ്.
സംസ്ഥാനത്തുനിന്ന് 13 പോപ്പുലർ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംസ്ഥാന പ്രസിഡന്‍റ് സിപി മുഹമ്മദ് ബഷീർ, ദേശീയ കൗൺസിൽ അംഗം പ്രൊഫ. പി കോയ തുടങ്ങിയവർ കസ്റ്റഡിയിൽ എടുത്തവരിൽ ഉൾപ്പെടുന്നു. സിആർപിഎഫ് സുരക്ഷയോടെ ആയിരുന്നു റെയ്‌ഡ്. പലസ്ഥലത്തും പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാക്കളും പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി.