കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിലെ അന്തിമ ചിത്രം തെളിഞ്ഞപ്പോൾ അപരന്മാർ നിരവധിയാണ്. നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ ജില്ലയിൽ 13 മണ്ഡലങ്ങളിലായി 96 സ്ഥാനാർഥികളാണുള്ളത്. ഇതിൽ 29 പേരും അപരന്മാരാണ്. 11 പേര്‍ മത്സരിക്കുന്ന കൊടുവള്ളി മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ. അഞ്ച് വീതം സ്ഥാനാര്‍ഥികളുള്ള കോഴിക്കോട് സൗത്തും എലത്തൂരുമാണ് ഏറ്റവും കുറവ് സ്ഥാനാർഥികൾ. കോഴിക്കോട് നോർത്ത്, കുറ്റ്യാടി, ബാലുശേരി, ബേപ്പൂർ, തിരുവമ്പാടി മണ്ഡലങ്ങളിൽ ആരും പത്രിക പിൻവലിച്ചില്ല.
അതിശക്തമായ മത്സരം നടക്കുന്ന വടകരയിൽ ആർഎംപിയിലെ കെകെ രമയ്ക്ക് അപരന്മാരായി രമയും രമ കെകെയും രമ കെടികെയുമുണ്ട്. ലോക് താന്ത്രിക് ജനതാദൾ സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രന് മറ്റൊരു ചന്ദ്രനെ ഭയപ്പെട്ടാൽ മതി. മുന്നണികള്‍ തമ്മില്‍ വാശിയേറിയ പോരാട്ടം നടക്കുന്ന കൊടുവള്ളി മണ്ഡലത്തിൽ മുസ്ലിം ലീഗിലെ ഡോ എംകെ മുനീറിന് തലവേദനായി മറ്റൊരു എംകെ മുനീറും അബ്ദുല്‍ മുനീറും മത്സരരംഗത്തുണ്ട്.
എതിർ സ്ഥാനാർഥി കാരാട്ട് റസാഖിനുമുണ്ട് അപരന്മാരായി രണ്ട് അബ്ദുല്‍ റസാഖുമാര്‍. തിരുവമ്പാടിയിൽ ലീഗ് സ്ഥാനാര്‍ഥി സിപി ചെറിയ മുഹമ്മദിനെതിരെ കെപി ചെറിയമുഹമ്മദും സിപിഎം സ്ഥാനാര്‍ഥി ലിന്‍റോ ജോസഫ് പാലക്കലിനെതിരെ ലിന്‍റോ ജോസഫ് വെങ്കിട്ടയിലും മത്സരിക്കുന്നു. കൊയിലാണ്ടിയിലും ഇരുമുന്നണി സ്ഥാനാർഥികളെയും വലയ്ക്കാൻ സമാന പേരുകാർ രംഗത്തുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എൻ സുബ്രഹ്‌മണ്യനെതിരെ സുബ്രഹ്‌മണ്യനും സിപിഎം സ്ഥാനാര്‍ഥി കാനത്തില്‍ ജമീലയ്ക്കെതിരെ ജമീല പിപിയും മത്സരിക്കുന്നു.
കോഴിക്കോട് സൗത്തിൽ ലീഗ് സ്ഥാനാര്‍ഥി നൂർബിനയ്ക്ക് അഡ്വ മുബീനയാണ് അപരന്‍. എൽഡിഎഫ് സ്ഥാനാർഥിക്ക് അപരൻ ഉണ്ടായിരുന്നെങ്കിലും പത്രിക പിൻവലിച്ചു. ശക്തമായ ത്രികോണ മത്സരം നടക്കുന്ന കോഴിക്കോട് നോർത്തിൽ ബിജെപിയിലെ എംടി രമേശിന് രണ്ടും ഇടത് വലത് മുന്നണി സ്ഥാനാർഥികൾക്ക് ഓരോരുത്തരും അപന്മാരായുണ്ട്.
ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി പിഎം നിയാസിനെതിരെ രണ്ട് നിയാസുമാരാണ് രംഗത്തുള്ളത്. എൽഡിഎഫിലെ പിഎ മുഹമ്മദ് റിയാസിന് മുഹമ്മദ് റിയാസ് പിപിയെ പേടിച്ചാൽ മതി. പേരാമ്പ്രയിൽ ലീഗ് സ്വതന്ത്രനായ സിഎച്ച് ഇബ്രാഹിം കുട്ടിക്കെതിരെ മറ്റൊരു ഇബ്രാഹിം കുട്ടി രംഗത്തുണ്ട്. ഇടത്-എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് മണ്ഡലത്തില്‍ അപരന്മാരില്ലെന്നതും ശ്രദ്ധേയമാണ്.
ബാലുശേരിയിൽ നടന്‍ ധർമ്മജന്‍ ബോള്‍ഗാട്ടിക്ക് ധർമേന്ദ്രനാണ് അപരൻ. സിപിഎം ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് ഇവിടെയും അപരന്മാരില്ല. കുറ്റ്യാടിയിൽ എൽഡിഎഫിനും യുഡിഎഫിനും അതേ പേരിൽ അപരന്മാർ ഓരോരുത്തരുണ്ട്. പാറക്കല്‍ അബ്ദുല്ലക്കെതിരെ അബ്ദുല്ല പാറക്കല്‍ വീടും കെപി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ക്കെതിരെ കെകെ കുഞ്ഞമ്മദ് കുട്ടിയും മത്സരിക്കും. നാദാപുരത്ത് യുഡിഎഫിലെ പ്രവീൺ കുമാറിന് മറ്റൊരു പ്രവീൺ കുമാറാണ് വെല്ലുവിളി. കുന്ദമംഗലത്ത് പിടിഎ റഹീമിനും ദിനേഷ് പെരുമണ്ണയ്ക്കും രണ്ട് അപരന്മാരെ പേടിക്കണം.
ജില്ലയിൽ എലത്തൂരിൽ മാത്രമാണ് അപരന്മാരുടെ ശല്യമില്ലാത്തത്. അപരന്മാർ നേടിയ വോട്ടുകൾ കൊണ്ട് പ്രധാന സ്ഥാനാർഥികൾ തോറ്റ കഥകൾ ഒരുപാടുണ്ട്. അപരനായത് കൊണ്ട് പുറത്തിറങ്ങാൻ പറ്റാതെ ഒളിവിൽ കഴിയേണ്ടി വന്നവരുമുണ്ട്. അതുകൊണ്ട് അവരെ പേടിക്കണം, അവരും പേടിക്കണം. നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും എന്നത് മുന്നണികളും മുഖ്യസ്ഥാനാര്‍ഥികളും ഓര്‍ത്തു വയ്ക്കുകയും വേണം.