കോഴിക്കോട്: കൊവിഡ് പശ്ചാത്തലത്തിൽ ജീവിതം വഴിമുട്ടിയ നാദസ്വര കലാകാരോട് സർക്കാർ കരുണ കാണിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ കൂട്ടായ്‌മ. പ്രതിഷേധ സൂചകമായി നാദസ്വര തകിൽ വാദ്യകലാസംഘടനയുടെ നേതൃത്വത്തിൽ കോഴിക്കോട് കിഡ്‌സൺ കോർണറിൽ നാദസ്വര മേളം നടത്തി.
ക്ഷേത്രങ്ങളിലെ ഉത്സവം അടക്കമുള്ളവക്ക് നിയന്ത്രണമേർപ്പെടുത്തിയപ്പോൾ ദുരിതത്തിലായത് നാദസ്വര കലാകാരന്മാരാണ്. ഈ സീസൺ കൂടി നഷ്‌ടപ്പെട്ടാൽ മുന്നോട്ടുള്ള ജീവിതം എങ്ങനെ നയിക്കും എന്ന ആശങ്കയിലാണ് ഇവർ ഓരോരുത്തരും. കലാകാരന്മാർക്ക് അർഹമായ നീതി സർക്കാർ ഇടപ്പെട്ട് നേടിത്തരണമെന്ന് നാദസ്വര തകിൽ വാദ്യകലാസംഘടന സെക്രട്ടറി മുരളിധരൻ ചേമഞ്ചേരി പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡ് നാദസ്വര കലാകാരന്മാരെ സഹായിക്കാൻ മുന്നിട്ട് ഇറങ്ങിയപ്പോൾ മലബാർ ദേവസ്വം ബോർഡ് കലാകാരന്മാർക്ക് വേണ്ടി ഒന്നും ചെയ്‌തിട്ടില്ല എന്ന ആരോപണമുണ്ട്.
വാദ്യകലാസംഘടനയുടെ ജോയിൻ്റ് സെക്രട്ടറി ഗിരീഷ് കുമാർ, വാദ്യകലാസംഘടന പ്രസിഡൻ്റ് ഹരിദാസൻ വി.പി, വൈസ് പ്രസിഡൻ്റ് സന്ദീപ് കുമാർ വി ,വിനോദ് കുമാർ പി.സി എന്നിവർ പ്രതിഷധത്തിന് നേതൃത്വം നൽകി.