കോഴിക്കോട്: ലോക ആരോഗ്യ ദിനത്തിൽ താലൂക്ക് ആശുപത്രിയിലെ ജീവനക്കാർക്ക് ആദരവുമായി നാദാപുരം പൊലീസ്. ആശുപത്രിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ഹാറ്റ്‌സ് ഓഫ് നല്‍കിയാണ് ആരോഗ്യ പ്രവർത്തകരെ ആദരിച്ചത്. കൊവിഡ് 19 മഹാമാരി ലോകത്ത് വ്യാപിക്കുമ്പോൾ ഡോക്‌ടര്‍മാരുടെയും, നഴ്‌സുമാരുടെയും സേവനങ്ങളെ അഭിനന്ദിക്കുന്ന പ്രത്യേക പരിപാടിയാണ് ഓപ്പറേഷന്‍ ഹാറ്റ്സ് ഓഫ്.
റൂറല്‍ ജില്ലാ പൊലീസ് മേധാവി ഡോ എ. ശ്രീനിവാസന്‍ ഐപിഎസിൻ്റെ നിര്‍ദേശ പ്രകാരമാണ് നാദാപുരം സബ് ഡിവിഷനിലെ പൊലീസ് സ്‌റ്റേഷനുകളിലെ പൊലീസുകാര്‍ ആശുപത്രിയിലെത്തി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ നേര്‍ന്നത്. തൊപ്പി താഴ്ത്തി വെച്ച് കൈകൊട്ടിയാണ് അഭിനന്ദനങ്ങള്‍ നേര്‍ന്നത്.
ആശുപത്രി സൂപ്രണ്ട് ഡോ ജമീല ആശംസ പ്രസംഗം നടത്തി. പൊലീസുകാര്‍ക്കുളള താലൂക്ക് ആശുപത്രിയുടെ ഉപഹാരം എഎസ്‌പി അങ്കിത്ത് അശോകന് കൈമാറി.