കണ്ണൂര്‍: സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും വീടും നല്‍കി മാതൃകയാകുകയാണ് നാദാപുരം കല്ലാനോട്ടെ വടക്കേടത്ത് ഡോ. മനോജും ഭാര്യ ജയശ്രീ ടീച്ചറും.
സ്വന്തമായി കിടപ്പാടം ഇല്ലാത്ത പതിനാലോളം കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപയോളം വിലമതിക്കുന്ന സ്ഥലം വിട്ടു നല്‍കിയിരുന്നു. ചക്കിട്ടപാറ, മരുതോങ്കര പഞ്ചായത്തുകളില്‍പ്പെടുന്ന പ്രകൃതി സുന്ദരമായ സ്ഥലം ഭൂരഹിതര്‍ക്ക് നല്‍കിയതറിഞ്ഞ് ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും നിരവധി പേര്‍ ഇവരെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇവര്‍ വീണ്ടും അത്ഭുതവും മാതൃകയും ആകുകയാണ്.
സ്വന്തമായി സ്ഥലം ലഭിച്ചെങ്കിലും വീട് നിർമ്മിക്കാൻ ഇവര്‍ക്ക് സാമ്പത്തിക ശേഷി ഇല്ലെന്നറിഞ്ഞതോടെ വീടൊരുക്കാനും മനോജും ജയശ്രീയും ഒരുങ്ങിക്കഴിഞ്ഞു. ദുബായില്‍ ഓര്‍ത്തോ സ്പെഷ്യലിസ്റ്റായ ഡോ. മനോജ് തന്‍റെ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് വീട് നിര്‍മ്മിക്കുന്നത്. വീടുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്ന് മനോജ് പറഞ്ഞു. മരുതോങ്കര സെന്റ് മേരീസ് ഹയർ സെക്കന്‍ററി സ്കൂളിലെയും കല്ലാനോട് ഹയർ സെക്കന്‍ററി സ്കൂളിലെയും കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയായ ജയശ്രീ ടീച്ചര്‍ ഇതിനോടകം തന്നെ സ്കൂളിലെ സ്വന്തമായി വീടില്ലാത്ത മൂന്ന് വിദ്യാർഥികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കിയിരുന്നു. കിടപ്പാടം ഇല്ലാത്ത കുടുംബങ്ങള്‍ക്ക് തണലൊരുക്കുന്നതോടൊപ്പം നല്ല മാതൃക തീര്‍ക്കുകയാണ് ഈ ദമ്പതികള്‍.