കോഴിക്കോട്: ജനാധിപത്യത്തെ തള്ളി രാജാവാകാൻ ഗവർണർ ശ്രമിക്കേണ്ടെന്ന് എൽജെഡി സംസ്ഥാന അധ്യക്ഷൻ എംവി ശ്രേയാംസ് കുമാർ. 'പ്ലഷർ' (പ്രീതി) എന്നത് ഗവർണറുടെ വ്യക്തിപരമായ ഇഷ്‌ടാനിഷ്‌ടം അനുസരിച്ച് വ്യാഖ്യാനിക്കാനുള്ളതല്ല. മന്ത്രിമാരെ നിയമിക്കാനും പുറത്താക്കാനും ഗവർണർക്ക് സ്വന്തമായി അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യ സംവിധാനത്തിലെ നിയമങ്ങൾക്കും ഭരണഘടനയ്ക്കും അനുസരിച്ച് മാത്രമേ ഗവർണർക്കും പ്രവർത്തിക്കാൻ അനുവാദമുള്ളൂവെന്നും ശ്രേയാംസ് കുമാർ പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി. മന്ത്രിമാർ ഗവർണർ പദവിയുടെ അന്തസ് കെടുത്തിയാൽ പദവിയില്‍ നിന്നും പുറത്താക്കുമെന്ന് നേരത്തേ ട്വീറ്റിലൂടെ ആരിഫ് മുഹമ്മദ് ഖാൻ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനോടാണ് എംവി ശ്രേയാംസ് കുമാറിന്‍റെ പ്രതികരണം.
മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവർണറെ ഉപദേശിക്കാൻ എല്ലാ അവകാശവുമുണ്ട്. എന്നാൽ, ഗവർണർ പദവിയുടെ അന്തസ് കെടുത്തുന്ന പ്രസ്‌താവനകൾ വ്യക്തിപരമായി മന്ത്രിമാർ നടത്തിയാൽ 'പ്രീതി' (പ്ലഷർ) പിൻവലിക്കുന്നതടക്കം നടപടികൾ സ്വീകരിക്കുമെന്നുമായിരുന്നു ഗവർണർ വ്യക്തമാക്കിയത്.