കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിന് പിന്നിൽ കോൺഗ്രസിൻ്റെ വക്താക്കളാണ് ഏജൻസികളായി പ്രവർത്തിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇത് അടൂർ പ്രകാശും വി ഡി സതീശനുമായി ബന്ധപ്പെട്ട് കിടക്കുകയാണ്. തട്ടിപ്പിൽ കോൺഗ്രസ് നേതാക്കളുടെ പങ്ക് പുറത്ത് വരണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.
നേതാക്കൾക്കെതിരെയും സഖാക്കൾക്കെതിരെയും സിപിഎം ഒരു ഗൂഢാലോചനയും നടത്തില്ല. എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ജനകീയ പ്രതിരോധ ജാഥയിൽ നിന്നും വിട്ടു നിൽക്കുന്നത് അദ്ദേഹത്തിനെതിരെ എന്തെങ്കിലും ഗൂഢാലോചന നടന്നതുകൊണ്ടാണോ എന്ന ചോദ്യത്തോടായിരുന്നു മറുപടി.
ഗൂഢാലോചന നടത്തുന്നത് മാധ്യമങ്ങളാണ്. ജയരാജൻ ജാഥയിൽ നിന്ന് വിട്ടുനിൽക്കുന്നത് വലിയ ഗൗരവത്തിലെടുക്കേണ്ടതില്ല. അദ്ദേഹം ജാഥയിലെ സ്ഥിരാംഗമല്ല. മാർച്ച് 18 വരെ സമയമുണ്ടല്ലോ, അതിനിടയിൽ ഇ പി ജയരാജൻ ജാഥയിൽ പങ്കെടുക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
കാവിവത്‌ക്കരണം: വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കാവിവത്‌ക്കരണം നടക്കുകയാണ്. അത് കേരളത്തിലും പ്രകടമായി കഴിഞ്ഞു. വിദ്യാർഥി രാഷ്ട്രീയം പാടില്ല എന്ന് പറയുകയും അവർക്ക് അനുകൂലമായ രാഷ്ട്രീയ പ്രവർത്തനം നടത്തുകയും ചെയ്യുന്നതാണ് ആർഎസ്എസ് രീതി. കേന്ദ്രമന്ത്രി വി മുരളീധരനാണ് ഇതിന് മുൻകൈ എടുക്കുന്നതെന്നും ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു.
ജുഡീഷറിയിലും ആർഎസ്എസ് വത്‌കരണമാണ് നടക്കുന്നത്. മദ്രാസ് ഹൈക്കോടതിയിലെ നിയമനം അതിൻ്റെ ഉദാഹരണമാണ്. മറ്റെല്ലാ മേഖലയും ആർഎസ്എസ് നിയന്ത്രണത്തിലായി കഴിഞ്ഞെന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.
ALSO READ: ദൃശ്യം പുറത്ത്: ജാഥയില്‍ പങ്കെടുക്കാത്ത ഇപി ജയരാജൻ വിവാദ ദല്ലാളിനെ കാണാനെത്തി