കോഴിക്കോട് : കോഴിക്കോട് മുഴാപ്പാലം പാലത്തിന്‍റെ പുനര്‍ നിര്‍മാണം നിലച്ചതിനാൽ ദുരിതത്തിലായി നാട്ടുകാർ. ഇവിടെ മുൻപ് ഉണ്ടായിരുന്ന പാലം പൊളിച്ചുനീക്കി ആറുമാസം പിന്നിട്ടിട്ടും പുതിയ പാലത്തിന്‍റെ നിർമാണം ആരംഭിച്ചിട്ടില്ല. പാലം പൊളിച്ചുനീക്കിയ ശേഷം കരാറുകാരൻ സ്ഥലം വിടുകയായിരുന്നുവെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
കിലോമീറ്ററുകൾ ചുറ്റി ജനങ്ങൾ
എം.വി.ആർ കാൻസർ ആശുപത്രി, വെള്ളന്നൂർ ഗവ. ആർട്‌സ് കോളജ്, എസ്.ഡി സാബു കോളജ്, മാവൂർ ജി.എച്ച്.എസ്.എസ് തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് മുഴാപ്പാലം പാലം വഴി ജനങ്ങൾക്ക് വളരെ വേഗം എത്താൻ കഴിയുമായിരുന്നു.
എന്നാൽ പഴയ പാലം പൊളിച്ചതോടെ ബസ് സർവീസ് അടക്കമുള്ള യാത്ര അരയങ്കോട് മുക്കിൽ -ചൂലൂർ, നെച്ചുളി വഴി തിരിച്ചുവിട്ടിരിക്കുകയാണ്. വിദ്യാലയങ്ങൾ തുറന്നാൽ കിലോമീറ്ററുകൾ താണ്ടി വിദ്യാലയങ്ങളിലേക്ക് പോകേണ്ട അവസ്ഥയിലാണ് ഇവിടുത്തെ വിദ്യാർഥികൾ.
പുതിയ പാലത്തിനായി 1.4 കോടി രൂപ
ചാത്തമംഗലം-മാവൂര്‍ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിന്‍റെ കരിങ്കൽ ഭിത്തിയും കൈവരിയും അടക്കം തകർന്നതിനെ തുടർന്നാണ് പുതുക്കിപ്പണിയാന്‍ തീരുമാനിച്ചത്. ഇതിനായി 1.4 കോടി രൂപയാണ് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത്. മൂന്നര മീറ്റർ വീതി ഉണ്ടായിരുന്ന പാലം എട്ടര മീറ്റർ വീതിയിലാണ് പുനർ നിർമ്മിക്കാൻ തീരുമാനിച്ചത്.
നിലവിലുള്ള റോഡിൽ നിന്ന് ഒരു മീറ്റർ ഉയർത്തുന്ന പാലത്തിന് 12 മീറ്ററാണ് നീളമുണ്ടാകുക. ആദ്യഘട്ടമായി നിലവിലെ പാലം പൊളിച്ചുനീക്കിയെങ്കിലും തുടർനടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. പരിസരത്തൊന്നും മുന്നറിയിപ്പ് ബോർഡില്ലാത്തതിനാൽ മുഴാപ്പാലത്തെത്തി തിരിച്ചുപോകേണ്ട സ്ഥിതിയിലാണ് വാഹന യാത്രക്കാർ.
ALSO READ: കൊവിഡ് പ്രതിസന്ധിയിൽ ഇടുക്കിയിലെ ടൂറിസം മേഖല ; കോടികളുടെ നഷ്‌ടം
ബസ് സർവീസ് അടക്കമുള്ള തിരക്കേറിയ റൂട്ടായതിനാൽ യുദ്ധകാലാടിസ്ഥാനത്തിൽ മുഴാപ്പാലം പാലത്തിന്‍റെ നിർമാണം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.