കോഴിക്കോട്: മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ കാണപ്പെടുന്ന ഫ്യുജിയൻ ലോങ്കൺ എന്ന പേരിൽ അറിയപ്പെടുന്ന മട്ടോവ പഴത്തിന്‍റെ മധുരം മലയാളിക്കും സുപരിചിതമാകുന്നു. കോഴിക്കോട് മുക്കത്തിനടുത്ത് നോർത്ത് കാരശ്ശേരിയില്‍ ഗ്രീൻ ഗാർഡൻ നഴ്സറി ഉടമ ഹുസൈന്‍റെ വീട്ടുമുറ്റത്താണ് ഫലം സമൃദ്ധമായി വിളഞ്ഞിരിക്കുന്നത്. കാലവസ്ഥ അനുയോജ്യമായാൽ പൂത്തുലഞ്ഞ് ഒരു കുലയിൽ തന്നെ നിരവധി ഫലങ്ങൾ കായ്‌ക്കുമെന്നതും മട്ടോവയെ പ്രിയങ്കരമാക്കുന്നു.
അഞ്ചുവർഷം മുമ്പ് വീട്ടുമുറ്റത്ത് നട്ട ചെടി മൂന്നാം വർഷം തന്നെ ഫലം തന്നിരുന്നെങ്കിലും ഇത്തവണയാണ് ഇത്രയും കൂടുതൽ മട്ടോവ പഴം ഉണ്ടാതെന്ന് ഹുസൈന്‍ പറയുന്നു. ചെടി നട്ടാൽ ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് തന്നെ മരമായി വളരും. ഗ്രീൻ, പർപ്പിൾ, സോഫ്റ്റ്സ്കിൻ, എന്നിങ്ങനെയെല്ലാം മട്ടോവ പഴം ഉണ്ടെങ്കിലും ഹുസന്‍റെ വീട്ടിൽ വിളഞ്ഞത് പർപ്പിൾ മട്ടോവയാണ്.
വിത്തിൽ നിന്നാണ് മട്ടോവ തൈ ഉല്‍പാദിപ്പിക്കുന്നത്. പെട്ടെന്ന് മരം ആകുന്നതുകൊണ്ട് തന്നെ വിദേശരാജ്യങ്ങളിൽ ഫർണിച്ചർ ആവശ്യങ്ങൾക്കും മട്ടോവ തടി ഉപയോഗിക്കുന്നുണ്ട്. ലിച്ചി, റംബൂട്ടാൻ തുടങ്ങിയ പഴത്തിന്‍റെ രൂപത്തിലാണ് മട്ടോവ പഴവുമുള്ളത്. എന്നാൽ തൊലി ഷെൽ രൂപത്തിലുള്ള പഴത്തിന് ലിച്ചിയെക്കാളും റമ്പൂട്ടനേക്കാളും മധുരം കൂടുതലാണ്.
കൂടാതെ വിറ്റാമിൻ ഇ യുടെ കലവറ കൂടിയാണ് ഈ പഴം. കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമായതുകൊണ്ട് വ്യാവസായിക അടിസ്ഥാനത്തിൽ നിരവധി പേർ മട്ടോവ കൃഷി ചെയ്തു വരുന്നുണ്ടെന്നും ഹുസൈൻ പറയുന്നു.