കോഴിക്കോട്: കൊവിഡ് രോഗ വ്യാപനം അതിതീവ്രമാകുന്ന സാഹചര്യത്തില്‍ ജില്ലയില്‍ രോഗബാധിതരെ കണ്ടെത്താനായി ഇന്നും നാളെയും കൊവിഡ് ടെസ്റ്റ് മഹായജ്ഞം സംഘടിപ്പിക്കും. രണ്ടു ദിവസവും 20,000 വീതം കൊവിഡ് ടെസ്റ്റ് നടത്താനാണ് തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെയും മെഡിക്കല്‍ ഓഫീസര്‍മാരുടെയും ഓണ്‍ലൈന്‍ യോഗത്തിലാണ് കലക്ടര്‍ സാംബശിവറാവു ഇക്കാര്യം അറിയിച്ചത്.
രോഗവാഹകരെ നേരത്തെ കണ്ടെത്തി ക്വാറന്‍റൈൻ ചെയ്‌ത് രോഗം പടരുന്നത് തടയുകയാണ് ലക്ഷ്യം. മാര്‍ക്കറ്റുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആശുപത്രികള്‍, മാളുകള്‍, തുടങ്ങിയ പൊതു ഇടങ്ങളില്‍ ഇതിനായുളള ക്യാമ്പുകള്‍ ഒരുക്കും. തദ്ദേശ സ്ഥാപനങ്ങളും പ്രദേശത്തെ ആരോഗ്യ കേന്ദ്രങ്ങളും സംയുക്തമായാണ് ഇതിനുളള സൗകര്യങ്ങളൊരുക്കുക.
കഴിഞ്ഞ അഞ്ച് മാസത്തിനിടെ ജില്ലയില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്. പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ കൂടിച്ചേര്‍ന്നതും നിയന്ത്രണങ്ങളും കൊവിഡ് മാനദണ്ഡങ്ങളും പാലിക്കാതിരുന്നതുമാണ് രോഗവ്യാപനം വർധിക്കാനിടയാക്കിയതെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തിയിരുന്നു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വലിയ വര്‍ധനവുണ്ടായി. രോഗവ്യാപനം രൂക്ഷമാകുന്നത് രോഗികളുടെ മരണ നിരക്ക് ഉയരാന്‍ ഇടയാകുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ പ്രതിദിനം 10,000 പേരെയാണ് കൊവിഡ് ടെസ്റ്റ് നടത്തുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്ത എല്ലാവരേയും ടെസ്റ്റിന് വിധേയരാക്കി എന്ന് ഉറപ്പുവരുത്തും.
വയോജനങ്ങള്‍, മറ്റ് രോഗങ്ങളും രോഗ ലക്ഷണങ്ങള്‍ ഉളളവര്‍ എന്നിവരെയും കുടുംബശ്രീ പ്രവര്‍ത്തകര്‍, അധ്യാപകര്‍, പ്രൊഫഷണല്‍ കോളജ് വിദ്യാര്‍ഥികള്‍ എന്നിവരേയും ടെസ്റ്റ് ചെയ്യും. ഷോപ്പുകള്‍, ഹോട്ടലുകള്‍, തിരക്കേറിയ മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാരെയും ബസ്, ടാക്‌സി ജീവനക്കാരെയും നിശ്ചിത ഇടവേളകളില്‍ ടെസ്റ്റിന് വിധേയമാക്കാന്‍ ഉടമകള്‍ക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കും.