വലിയങ്ങാടി മരയ്ക്കാർ തെരുവിലെ പഴയ കെട്ടിടങ്ങളുടെ ഭിത്തികൾ ശ്രദ്ധിച്ചാൽ അടിയന്തരാവസ്ഥക്ക് ശേഷമുള്ള 1977ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തെ ചുമരെഴുത്ത് കാണാം. തെരഞ്ഞെടുപ്പ് സമയത്ത് എഴുതിക്കൂട്ടുന്ന ചില വരികൾ വരും കാലങ്ങളിൽ ഓർമപ്പെടുത്തലുകളായി അവശേഷിക്കും.
കോഴിക്കോട് വലിയങ്ങാടി മരയ്ക്കാർ തെരുവില്‍ ഒരു പഴയ കെട്ടിടത്തിന് മുകളിലെ ചുവരിൽ പകുതി മാഞ്ഞുപോയ നീല അക്ഷരത്തിൽ "ജനാധിപത്യം ജയിലറയാക്കിയ ഇന്ദിരക്ക് വോട്ടില്ല" എന്ന വരികള്‍ തെളിഞ്ഞു കിടപ്പുണ്ട്. കലപ്പയേന്തിയ കർഷകൻ എന്ന ജനതാപാർട്ടി ചിഹ്നവും ഇതിനോടൊപ്പം കാണാം. അടിയന്തരാവസ്ഥക്കാലത്തെ മുദ്രാവാക്യമാണ്. എം കമലമായിരുന്നു അന്നത്തെ ജനതാ പാര്‍ട്ടി സ്ഥാനാര്‍ഥി. അത്രയും കാലം സംഘടനാ കോൺഗ്രസിനൊപ്പം നിന്ന എം കമലം അടിയന്തരാവസ്ഥക്കാലത്ത് ജയിലിലായിരുന്നു. പുറത്തിറങ്ങിയ കമലം ജനതാ പാർട്ടിയിൽ ചേർന്ന് കോഴിക്കോട്ട് നിന്ന് മത്സരിച്ചു. തെരഞ്ഞെടുപ്പിൽ കമലം തോറ്റെങ്കിലും പിന്നീട് രണ്ട് തവണ കൽപ്പറ്റയിൽ നിന്ന് അവർ നിയമസഭയിലെത്തി. മന്ത്രിയുമായി. 40 വർഷങ്ങൾക്ക് മുമ്പുള്ള തെരഞ്ഞെടുപ്പ് കാലത്തെ കടുത്ത മത്സരത്തിൻ്റെ ഒരു അടയാളമായി മാറിയിരിക്കുകയാണ് ഈ ചുവരെഴുത്തുകൾ.
എഴുപത്തിയേഴിൽ അടിയന്തരാവസ്ഥ അറബിക്കടലിൽ എന്നതായിരുന്നു ഇടതുപക്ഷ മുദ്രാവാക്യം. അക്രമ രാഷ്ട്രീയം അറബിക്കടലിൽ എന്ന മറു മുദ്രാവാക്യമാണ് കോൺഗ്രസ് മുന്നോട്ട് വച്ചത്. 40 വർഷങ്ങൾക്ക് മുമ്പുള്ള തെരഞ്ഞെടുപ്പ് മത്സരങ്ങളുടെ പവർ ഒന്നും ഇപ്പോഴത്തെ തെരഞ്ഞെടുപ്പിൽ ഇല്ലെന്നാണ് നാട്ടുകാരനായ പിഎ കുഞ്ഞഹമ്മദ് പറയുന്നത്.