കോഴിക്കോട്: Kunjali Marakkar Memorial: 'മരക്കാർ അറബിക്കടലിൻ്റെ സിംഹം' എന്ന സിനിമയിലൂടെ കുഞ്ഞാലി മരക്കാറുടെ ജീവിതം വീണ്ടും ചര്‍ച്ചയാകുമ്പോള്‍ മരക്കാറുമാരുടെ ചരിത്രത്തിന്‍റെ ഏടുകള്‍ ഇന്നും മങ്ങാതെ അവശേഷിക്കുന്ന ഒരിടമുണ്ട് കോഴിക്കോട് ജില്ലയില്‍. കോഴിക്കോട് ജില്ലയിലെ വടകരയ്ക്കടുത്ത് ഇരിങ്ങലിൽ സംസ്ഥാന പുരാവസ്‌തു വകുപ്പിന്‍റെ അധീനതയിലാണ് കുഞ്ഞാലിമരക്കാർ സ്‌മാരകം ഇന്ന് സ്ഥിതി ചെയ്യുന്നത്. മരക്കാർമാർ താമസിച്ച പുരാതന ഭവനത്തിന്‍റെ ചെറിയ ഒരു ഭാഗമാണ് ഇതിൽ പ്രധാനം.
Lion Of Arabian Sea: ഒരു തളവും മൂന്ന് മുറികളും വരാന്തയും അടങ്ങുന്നതാണ് ഈ കെട്ടിടം. ഓല മേഞ്ഞ 16 മുറികളുള്ള രണ്ട് നില വീടിന്‍റേതായി നിലവില്‍ അവശേഷിക്കുന്നത് ഇത്രയും ഭാഗം മാത്രമാണ്. കുഞ്ഞാലിമരക്കാറുമായി ബന്ധപ്പെട്ട് അവശേഷിക്കുന്ന ഏക ഭവനം കൂടിയാണിത്.
Calicut Museum: സ്‌മാരകത്തോട് ചേർന്ന് ഒരു മ്യൂസിയമുണ്ട്. അക്കാലത്ത് ഉപയോഗിച്ചിരുന്ന വാളുകൾ, പീരങ്കി ഉണ്ടകൾ, നാണയങ്ങൾ തുടങ്ങി ഒട്ടേറെ പുരാവസ്‌തുക്കൾ ഈ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു. സാമൂതിരിയുടെ നാവിക പടത്തലവൻമാരുടെ സ്ഥാനപ്പേരായിരുന്നു കുഞ്ഞാലി മരക്കാർ. അവർ നാല് പേരായിരുന്നു.
ഉദ്ദേശം 1524 മുതൽ 1600 വരെ കുഞ്ഞാലി മരക്കാർമാർ ജീവിച്ചു എന്നതാണ് ചരിത്രം. കുഞ്ഞാലി മരക്കാര്‍ നിര്‍മ്മിച്ച കോട്ടയുടെ ഏകദേശ വിസ്‌തൃതി മൂന്നര ചതുരശ്ര കിലോമീറ്ററായിരുന്നു. മൂന്ന് ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട കോട്ടയുടെ ഏക കരഭാഗമാണ് ഇന്ന് കാണുന്ന ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ്.
ഇതിൻ്റെ മുന്നിലൂടെ വന്നാൽ മരക്കാറുടെ തറവാടും പള്ളിയും കാണാം. കുട്ടി ആലി മരക്കാറായിരുന്നു കുഞ്ഞാലി മരക്കാർ ഒന്നാമൻ എന്നറിയപ്പെട്ടത്. ഗുജറാത്തിലെ കച്ച് മുതൽ ശ്രീലങ്ക വരെ നാവിക ആധിപത്യമുണ്ടായിരുന്നു കുട്ടി ആലി മരക്കാർക്ക്.
ശ്രീലങ്കയിലെ ഉൾക്കടലിൽ വെച്ച് പോർച്ചുഗീസ് പട ഇദ്ദേഹത്തെ വധിച്ചു എന്നാണ് ചരിത്രം. അതിന് ശേഷമാണ് കുട്ടി ആലിയുടെ മകൻ കുട്ടി പോക്കർ അലി മരക്കാർ കുഞ്ഞാലി മരക്കാർ രണ്ടാമനായത്. ഇദ്ദേഹമാണ് സാമൂതിരിയുടെ പടത്തലവനായി ഏറ്റവും കൂടുതൽ കാലം സേവനമനുഷ്‌ഠിച്ചത്.
കടലിലെ ഒളിപ്പോരിൽ വിദഗ്‌ധനായിരുന്നു കുട്ടി പോക്കർ മരക്കാർ. പോർച്ചുഗീസ് കപ്പലുകൾക്ക് വലിയ നാശം വരുത്തി വെച്ചതും ഇദ്ദേഹത്തിൻ്റെ കാലഘട്ടത്തിലായിരുന്നു. ഒടുവിൽ പോർച്ചുഗീസ് ഏറ്റുമുട്ടലിൽ കുഞ്ഞാലി രണ്ടാമനും വധിക്കപ്പെട്ടു.
പിന്നാലെ ഇദ്ദേഹത്തിൻ്റെ മകനായ പട്ടു മരയ്ക്കാർ കുഞ്ഞാലി മരയ്ക്കാർ മൂന്നാമനായി രംഗ പ്രവേശം ചെയ്‌തു. പോർച്ചുഗീസുകാരുടെ കോട്ടയായ ചാലിയം കോട്ട തകർത്തത് ഈ സേനാധിപതിയുടെ നേതൃത്വത്തിലായിരുന്നു. പിന്നീട് പൊന്നാനിയിൽ തമ്പടിച്ച് കോട്ട കെട്ടിയ പോർച്ചുഗീസുകാരെ പ്രതിരോധിക്കാൻ ഇരിങ്ങൽ കടപ്പുറത്ത് കുഞ്ഞാലി മൂന്നാമൻ കോട്ടയുയർത്തി. ഇതോടെയാണ് ഈ പ്രദേശം കോട്ടയ്ക്കൽ എന്നറിയപ്പെട്ടത്.
ഒരപകടത്തിൽ പെട്ട് കോട്ടയിൽ കിടപ്പിലായ പട്ടുവിൻ്റെ മരണ ശേഷമാണ് അദ്ദേഹത്തിൻ്റെ മൂത്ത സഹോദരി പുത്രൻ മുഹമ്മദ് മരയ്ക്കാർ കുഞ്ഞാലി നാലാമൻ പദവിയിലേക്ക് വന്നത്. മറ്റ് മരക്കാർമാരിൽ നിന്നും വിഭിന്നനായിരുന്ന മുഹമ്മദ് ഭരണാധികാരിയുടെ പട്ടം സ്വയം അലങ്കരിക്കുകയായിരുന്നു. ഇത് സാമൂതിരിയുടെ വിദ്വേഷത്തിന് കാരണമായി.
പോർച്ചുഗീസുകാരുമായി ചേർന്ന് സാമൂതിരി കുഞ്ഞാലി നാലാമന് ഉപരോധം ഏർപ്പെടുത്തി. പോർച്ചുഗീസ് പട പിടികൂടിയ മുഹമ്മദ് മരക്കാറെ ഗോവയിൽ കൊണ്ടു പോയി തൂക്കിലേറ്റി ശരീര ഭാഗങ്ങൾ കണ്ണൂർ കോട്ടയിൽ പ്രദർശിപ്പിച്ചു എന്നാണ് ചരിത്രം.
മരക്കാർമാരുടെ ജീവിതം പല സിനിമകള്‍ക്കും സീരിയലുകള്‍ക്കും ഇതിവൃത്തമായിട്ടുണ്ട്. 1967ൽ കൊട്ടാരക്കര ശ്രീധരൻ നായർ കുഞ്ഞാലി മരയ്ക്കാറായി രംഗ പ്രവേശം ചെയ്‌തു. ഏറ്റവുമൊടുവിൽ മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിലും പിറന്നു ഒരു മരക്കാർ.
മമ്മൂട്ടി സന്തോഷ് ശിവൻ കൂട്ടുകെട്ടിൽ മറ്റൊരു മരക്കാർ കൂടി വരാനുള്ള സാധ്യയും നിലനിൽക്കുന്നുണ്ട്. സംഭവബഹുലമായ കുഞ്ഞാലി മരക്കാർമാരുടെ ജീവിതം ഇനി എത്ര സിനിമയായാലും ഉപ്പോളം വരില്ല ഉപ്പിലിട്ടത് എന്ന പോലെയാണ്.
ALSO READ: പാകിസ്ഥാനിൽ മോഷണ ശ്രമം ആരോപിച്ച് സ്ത്രീകളെ വിവസ്‌ത്രരാക്കി മർദ്ദിച്ചു