കോഴിക്കോട് : മാറാട് കൂട്ടക്കൊലക്കേസിൽ (Marad Massacre) ഒളിവിൽ പോയിരുന്ന രണ്ട് പ്രതികൾക്കും ഇരട്ട ജീവപര്യന്തം ശിക്ഷ. കേസിലെ 95ാം പ്രതി കടലുണ്ടി നഗരം ആനങ്ങാടി കുട്ടിച്ചന്‍റെ പുരയിൽ കോയമോൻ എന്ന ഹൈദ്രോസ്‌കുട്ടി(50), 148ാം പ്രതി മാറാട് കല്ലുവച്ച വീട്ടിൽ നിസാമുദ്ദീൻ(41) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. കോയമോൻ ഒരു 10,2000 രൂപയും നിസാമുദ്ദീൻ 56,000 രൂപയും പിഴയടയ്ക്കണം.
മാറാട് പ്രത്യേക അഡീഷണല്‍ കോടതി ജഡ്‌ജി കെ.എസ് അംബികയുടേതാണ് ശിക്ഷാവിധി(verdict on marad massacre case). മതസ്‌പർധ വളർത്തൽ, അന്യായമായി സംഘം ചേരൽ, സ്ഫോടകവസ്‌തു നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് കോയമോനെ ശിക്ഷിച്ചത്. കൊലപാതകം, അന്യായമായി സംഘം ചേരൽ, മാരകായുധവുമായി കലാപം, ആയുധ നിരോധന നിയമം എന്നിവ ചേർത്താണ് നിസാമുദ്ദീനെതിരെ ശിക്ഷ വിധിച്ചത്. 2010ലും 2011ലുമാണ് ഇരുവരും പിടിയിലായത്. പിന്നീട് ഒളിവില്‍പോവുകയായിരുന്നു.
2003 മേയ് 2നാണ് കേസിനാസ്‌പദമായ മാറാട് കൂട്ടക്കൊല നടന്നത്. 8 പേരാണ് കൊല്ലപ്പെട്ടത്. വിചാരണ നേരിട്ട 139 പേരിൽ 63 പ്രതികളെയാണ് പ്രത്യേക കോടതി ശിക്ഷിച്ചത്. നേരത്തെ കോടതി വിട്ടയച്ച 24 പ്രതികൾക്കുകൂടി ജീവപര്യന്തം തടവുശിക്ഷ കിട്ടിയിരുന്നു. അഡ്വ. ആർ.ആനന്ദാണ് കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടർ.