കോഴിക്കോട് : മുക്കത്ത് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച് ഒളിവിൽ പോയ ഭർത്താവിനെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി (Man Commits Suicide After Attacking Wife). പൂളപ്പൊയിൽ സ്വദേശി പൈറ്റൂളിചാലിൽ മുസ്‌തഫയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്‌ച (21-8-2023) വൈകിട്ടാണ് മുസ്‌തഫ ഭാര്യ ജമീലയെ തന്‍റെ ഹോട്ടലിനുള്ളിൽ വച്ച് വെട്ടി പരിക്കേൽപ്പിച്ചത്. ശേഷം ഇയാൾ ഹോട്ടലിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
മുക്കം ഓമശ്ശേരി റൂട്ടിൽ മുത്തേരിയിലാണ് മുസ്‌തഫ ഹോട്ടൽ നടത്തിയിരുന്നത്. അനുഗ്രഹ എന്ന പേരിലുള്ള ഹോട്ടലിൽ വച്ചായിരുന്നു ഭാര്യ ജമീലയെ വെട്ടിയത്. ഇവർക്ക് മുഖത്തും കൈക്കും വെട്ടേറ്റിരുന്നു. സ്ഥലത്ത് ആളുകൾ കൂടിയതോടെ മുസ്‌തഫ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ മുസ്‌തഫയ്ക്കായി മുക്കം പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.
ഇതിനിടെയാണ് ഹോട്ടൽ സ്ഥിതി ചെയ്യുന്ന മുത്തേരിയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ ആളൊഴിഞ്ഞ പറമ്പിൽ മുസ്‌തഫയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുക്കം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ജമീല ആശുപത്രിയിൽ ചികിത്സയിലാണ്.