കോഴിക്കോട് : എക്‌സൈസ് എൻഫോഴ്‌സ്‌മെന്‍റ് ആന്‍റ് ആന്‍റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡും എക്സൈസ് ഇന്‍റലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ വാഹന പരിശോധനയില്‍ മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍. താമരശേരി സ്വദേശി പൊന്നോത്ത് വീട്ടിൽ ഫൈസലാണ് (28) പിടിയിലായത്. കോഴിക്കോട് - താമരശേരി ദേശീയപാതയിലായിരുന്നു അറസ്റ്റ്. ഇയാളില്‍ നിന്ന് 2 ലക്ഷം വിലവരുന്ന 50 ഗ്രാം മയക്കുമരുന്ന് പിടിച്ചു. മെത്തലീൻ ഡയോക്സി മെത്താം ഫിറ്റമിൻ ആണ് ഇയാളുടെ മഹീന്ദ്ര ജീപ്പിൽ നിന്ന് കണ്ടെടുത്തത്. എംഡിഎംഎ മാരക മയക്കുമരുന്ന് വിഭാഗത്തിൽപെടുന്നതാണ്. പ്രതി സഞ്ചരിച്ച ജീപ്പും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ വൈദ്യപരിശോധനയ്‌ക്ക് ശേഷം താമരശേരി എക്‌സൈസ് റേഞ്ച് ഓഫിസിൽ ഹാജരാക്കി.
Also Read: വീട്ടില്‍ സൂക്ഷിച്ചിരുന്ന 23 പവന്‍ സ്വര്‍ണം കവര്‍ന്നു
ലോക്ക്ഡൗൺ കാരണം മദ്യശാലകൾ അടച്ചിട്ടതിനാൽ മറ്റ് ലഹരി വസ്‌തുക്കളുടെ ഉപഭോഗം വർധിക്കാനുള്ള സാധ്യതകൾ മനസിലാക്കി എക്‌സൈസ് സ്‌ക്വാഡ് പരിശോധനകൾ കർശനമാക്കിയിരുന്നു. സിന്തറ്റിക് ഡ്രഗ്‌സ് വിഭാഗത്തിൽപ്പെടുന്ന മോളി, എക്‌സ്, എക്‌സ്‌റ്റസി, എംഡിഎംഎ എന്നീ വിളിപ്പേരുകളിലും അറിയപ്പെടുന്നു. പാര്‍ട്ടി ഡ്രഗ് എന്നറിയപ്പെടുന്ന എംഡിഎംഎ ഏറ്റവും ചെറിയ തോതില്‍ ഉപയോഗിച്ചാല്‍ പോലും മണിക്കൂറുകളോളം ലഹരി നിലനില്‍ക്കും.
പത്ത് ഗ്രാമോ അതിൽ കൂടുതലോ എംഡിഎംഎ കൈവശം വച്ചാൽ 10 വർഷം കുറയാതെ 20 വർഷം തടവ് ശിക്ഷ വരെയോ ഒരു ലക്ഷം രൂപയിൽ കുറയാതെ 2 ലക്ഷം രൂപ വരെ പിഴശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണ്. എക്‌സൈസ് സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്‌ടർ വി ആർ ദേവദാസിന്‍റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ഐബി ഇൻസ്പെക്‌ടർ പ്രജിത്ത് എ, പ്രിവന്‍റീവ് ഓഫിസർ ബിജുമോൻ ടിപി, സിവിൽ എക്‌സൈസ് ഓഫിസർമാരായ ദീനദയാൽ എസ്‌ആർ, സന്ദീപ് എൻഎസ്, അജിത്ത് പി,അനുരാജ് എ, സൈമൺ ടിഎം, അരുൺ എ എന്നിവർ പങ്കെടുത്തു.