കോഴിക്കോട്: നാല് ദശാബ്ദത്തോളം മലയാളിയെ മലബാർ നർമത്തില്‍ ചേർത്തുപിടിച്ച മാമുക്കോയയ്ക്ക് ജന്മനാട് വിടചൊല്ലുകയാണ്. കോഴിക്കോട് ടൗൺഹാളിലെ പൊതുദർശനത്തിന് ആയിരങ്ങളാണ് എത്തിയത്. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് കോഴിക്കോട്ടെ കണ്ണുമ്പറമ്പ് ഖബർസ്ഥാനിൽ നടക്കും.
ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് തീവ്ര പരിചരണത്തിലിരിക്കെ ഇന്ന് (26.04.23) രാവിലെയായിരുന്നു അന്ത്യം. മലപ്പുറം കാളികാവില്‍ വച്ച് തിങ്കളാഴ്‌ച (24.04.2023) രാത്രിയാണ് മാമുക്കോയയ്‌ക്ക് ഹൃദയാഘാതം ഉണ്ടായത്. കാളികാവ് പൂങ്ങോട് ഫുട്ബോള്‍ ടൂര്‍ണമെന്‍റ് ഉദ്‌ഘാടനത്തിന് എത്തിയതായിരുന്നു നടന്‍. പരിപാടി തുടങ്ങുന്നതിന് മുമ്പ് തന്നെ അദ്ദേഹം കുഴഞ്ഞു വീണിരുന്നു.
മുഖ്യമന്ത്രിയുടെ അനുശോചനം: നാട്ടുജീവിതത്തിന്റെ സ്വാഭാവികത ഒപ്പിയെടുത്ത സവിശേഷമായ അഭിനയശൈലിയുടെ ഉടമയായിരുന്നു മാമുക്കോയ. കോഴിക്കോടന്‍ തനിമയുള്ള അഭിനയരീതിയും സംഭാഷണ ചാതുര്യവും നർമ്മബോധവും മാമുക്കോയയെ വ്യത്യസ്തനാക്കി. നാടക രംഗത്തു കൂടി ചലച്ചിത്ര രംഗത്തെത്തി ആസ്വാദക ഹൃദയങ്ങളില്‍ മായാത്ത സ്ഥാനം ഉറപ്പിച്ച അദ്ദേഹത്തിന്റെ വേര്‍പാട് കേരള സാംസ്‌കാരിക രംഗത്തിന് നികത്താനാകാത്ത നഷ്ടമാണ്.
മലയാള സിനിമയുടെ മാത്രമല്ല മലയാളിയുടെതന്നെ ഒരു കാലഘട്ടത്തിന്റെ ചിരിയാണ് മാമുക്കോയയുടെ വിയോഗത്തിലൂടെ മായുന്നത്. കേരളീയ ജീവിതത്തിൽ എക്കാലവും ഓർമ്മിക്കപ്പെടുന്ന അനേകം കഥാപാത്രങ്ങളെ അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്. കെ.ടി. മുഹമ്മദിന്റെ അടക്കമുള്ള പ്രസിദ്ധ നാടകങ്ങളിലൂടെതന്നെ ജനമനസ്സുകളില്‍ പതിഞ്ഞ കലാകാരനായിരുന്നു.
റാംജിറാവു സ്പീക്കിംഗ്, നാടോടിക്കാറ്റ്, തലയണ മന്ത്രം തുടങ്ങിയ ചിത്രങ്ങളിലൂടെ ചലച്ചിത്ര പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി. നാലര പതിറ്റാണ്ട് നീണ്ടു നിന്ന ചലച്ചിത്ര ജീവിതത്തിലൂടെയും അതിനു മുമ്പത്തെ നാടക പ്രവര്‍ത്തനത്തിലൂടെയും മാമുക്കോയ അഭിനയ കലാരംഗത്തെ വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ വിലപ്പെട്ട പാഠപുസ്തമായി മാറിയെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ചലച്ചിത്ര പ്രേമികളുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷനേതാവിന്‍റെ അനുശോചനം: മലയാളികളുടെ പ്രയാസങ്ങളും, ദുരിതങ്ങളും ചിരിയിൽ അലിയിച്ച മഹാനടനായിരുന്നു മാമുക്കോയ എന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അനുസ്മരിച്ചു. കോഴിക്കോട്, കോൺഗ്രസിന് അടിത്തറയുണ്ടാക്കാൻ ശക്തമായ പ്രവർത്തനം നടത്തിയ പ്രിയപ്പെട്ട സഹപ്രവർത്തകനായിരുന്നു മാമുക്കോയയെന്നും പ്രതിപക്ഷനേതാവ് കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍റെ അനുശോചനം: ചിരിപ്പിച്ചും ചിന്തിപ്പിച്ചും തന്റെത് മാത്രമായ ശൈലിയിലൂടെ മലയാളിയുടെ മനസിൽ ചിരപ്രതിഷ്‌ഠ നേടിയ മാമുക്കോയയുടെ വേർപാട് നികത്താനാവാത്ത നഷ്ടമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. സിനിമയുടെ വെള്ളി വെളിച്ചത്തിനപ്പുറം സാധാരണക്കാരനായ കോഴിക്കോട്ടുകാരനും സാംസ്കാരിക സാമൂഹിക പ്രവർത്തകനുമായി അദ്ദേഹം പൊതു ഇടങ്ങളിൽ നിറഞ്ഞു നിന്നു. നാടകത്തിലൂടെ അഭിനയ ലോകത്തെത്തിയ മാമുക്കോയ സിനിമയിലെ സ്വാഭാവിക ഹാസ്യത്തിലൂടെ മലയാളിയുടെ മനസിൽ ഇടം നേടി. 400ൽ അധികം സിനിമയിൽ വേഷമിട്ട അദ്ദേഹം കരുത്തുറ്റ കഥാപാത്രങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിന്റെ കലാ -സാംസ്‌കാരിക മേഖലയ്ക്ക് വലിയ ശൂന്യതയാണ് മാമുക്കോയയുടെ നിര്യാണത്തിലൂടെ ഉണ്ടാവുന്നത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായി കെ. സുരേന്ദ്രൻ പറഞ്ഞു.