കോഴിക്കോട് : വടകരയിൽ എടിഎം കൗണ്ടറുകള്‍ വഴി നിരവധി പേരുടെ അക്കൗണ്ടുകളില്‍ നിന്ന് പണം കവര്‍ന്ന കേസിലെ പ്രധാന പ്രതിയായ ഡല്‍ഹി സ്വദേശി പിടിയില്‍. ഡല്‍ഹി മജ്ബൂര്‍ ദുര്‍ഗാസ്ട്രീറ്റിലെ സുഗീത് വര്‍മയെയാണ് (41) പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ജുബൈര്‍, ഷിബിന്‍ എന്നീ പ്രതികള്‍ കഴിഞ്ഞ മാര്‍ച്ചില്‍ പൊലീസ് പിടിയിലായിട്ടുണ്ട്.
കവർന്നത് പലരിൽ നിന്നായി 5,10,000 രൂപ
പണം തട്ടിയെടുക്കാന്‍ എടിഎം കൗണ്ടറില്‍ സ്‌കിമ്മറും ക്യാമറയും സ്ഥാപിച്ചത് സുഗീത് വര്‍മയും സംഘവുമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. സുഗീത് വര്‍മ ഇക്കാര്യം സമ്മതിച്ചതായി ഡിവൈഎസ്‌പി മൂസ വള്ളിക്കാടന്‍ പറഞ്ഞു. ഇയാള്‍ക്ക് പുറമെ ഡല്‍ഹി സ്വദേശികളായ രണ്ടുപേര്‍ കൂടി കേസില്‍ പ്രതികളാണ്. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.
മാര്‍ച്ചില്‍ വടകര മേഖലയില്‍ 25 ഓളം പേര്‍ക്ക് 5,10,000 രൂപയാണ് എടിഎം വഴി നഷ്ടപ്പെട്ടത്. മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പലരും പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഇതേ തുടര്‍ന്ന് ലഭിച്ച പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിനെ കുറിച്ചും പ്രതികളെ കുറിച്ചും വിവരങ്ങള്‍ ലഭിക്കുന്നത്.
സുഗീതിനെ എത്തിച്ച് തെളിവെടുപ്പ്
റൂറല്‍ ജില്ല പൊലീസ് മേധാവി ഡോ.എ ശ്രീനിവാസിന്റെ നിര്‍ദേശാനുസരണം ഡിവൈഎസ്‌പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് വടകരയിലെത്തിച്ച പ്രതി സുഗീത് വര്‍മയെ പുതിയ സ്റ്റാന്‍ഡിന് സമീപത്തെ എടിഎം കൗണ്ടറിലെത്തിച്ച് തെളിവെടുത്തു.
Also read: ഹൈദരാബാദ് എടിഎം കവര്‍ച്ച; ഒരാള്‍ പിടിയില്‍
എസ്‌ഐ പി.കെ.സതീഷ്, എഎസ്‌ഐ പി.രാജേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ഐ.കെ. ഷിനു, കെ.കെ.സിജേഷ്, പി.കെ.റിഥേഷ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ പി.പ്രദീപ് കുമാര്‍, പി.വി.ഷിനില്‍ എന്നിവരാണ് ഡല്‍ഹിയില്‍ എത്തി പ്രതിയെ പിടികൂടിയത്. പ്രതികളായ രണ്ടുപേരെ പിടികൂടാന്‍ അന്വേഷണ സംഘാംഗങ്ങള്‍ ഡല്‍ഹിയില്‍ തുടരുകയാണെന്നും ഡിവൈഎസ്‌പി പറഞ്ഞു.