വടകര പാർലമെന്‍റ് സീറ്റ് വേണമെന്ന ആവശ്യവുമായി ഇടത് മുന്നണി ഘടകകക്ഷിയായ ലോക് താന്ത്രിക് ജനതാദൾ. മുന്നണിയിലെ ഉഭയ കക്ഷി ചർച്ചയിൽ ഇക്കാര്യം ആവശ്യപ്പെട്ടതായും ജില്ലാ ജനറൽ സെക്രട്ടറി എൻ.സി മോയിൻ കുട്ടി പറഞ്ഞു
സോഷ്യലിസ്റ്റുകള്‍ക്ക് ഭൂരിപക്ഷമുളള മണ്ഡലമാണ് വടകരെയെന്ന വാദത്തിലൂന്നിയാണ് എൽജെഡി യുടെ അവകാശ വാദം. തങ്ങൾ ഇടതു മുന്നണി വിട്ടതിന് ശേഷം വടകര തിരിച്ചുപിടിക്കാൻ മുന്നണിക്ക് ആയിട്ടില്ലെന്നും പാർട്ടിക്ക് വടകര മണ്ഡലത്തിൽ 25,000 ത്തിലധികം വോട്ടുകളുണ്ടെന്നും ജില്ലാ ജനറൽ സെക്രട്ടറി എൻ.സി മോയിൻകുട്ടി പറഞ്ഞു. ഉഭയകക്ഷി ചർച്ചയിൽ തങ്ങൾ ഈ ആവശ്യം ഉന്നയിച്ചതായുംഅദ്ദേഹം വ്യക്തമാക്കി.
സോഷ്യലിസ്റ്റുകൾക്ക് വളക്കൂറുള്ള മണ്ണിൽ മത്സരിക്കണമെന്ന ആവശ്യവുമായി എൽജെഡി കൂടി എത്തിയതോടെ ഇടതുമുന്നണി അങ്കലാപ്പിലായതായി നേതാക്കൾ സമ്മതിക്കുന്നുണ്ട്. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് ജനതാദൾ എസും നേതൃത്വത്തെ സമീപിച്ചിരുന്നു. ഇരു പാർട്ടികളെയും കൈവിടാതെ തെരഞ്ഞെടുപ്പിൽ കൂടെ നിർത്താനുള്ള തന്ത്രം മെനയലാണ് ഇനി നേതൃത്വം നേരിടുന്ന വെല്ലുവിളി.