കോഴിക്കോട്:പ്രകൃതിയുടെ മനോഹാരിത കടലാസിൽ ചിത്രങ്ങളാക്കി മാറ്റാൻ മാവൂർ സ്വദേശി സി.കെ. ഷിബുരാജിന് കൃത്രിമ ഛായങ്ങളുടെ ആവശ്യമില്ല. പ്രകൃതിയിൽ കാണുന്ന കാഴ്‌ചകളെ കടലാസിലെ നിറക്കൂട്ടാക്കി മാറ്റാൻ ഷിബുരാജിന് വേണ്ടത് ഇലകളുടെ നിറങ്ങൾ മാത്രമാണ്. ഇലകളുടെ നീര് പിഴിഞ്ഞെടുത്ത് വർണങ്ങളാക്കി മാറ്റിയാണ് ഷിബുരാജ് തന്റെ ചിത്രങ്ങൾക്ക് ജീവൻ പകരുന്നത്. സ്വന്തമായി ഇല ഛായം എന്ന ആശയം വികസിപ്പിച്ചെടുത്താണ് ഈ കലാകാരൻ പ്രകൃതിയെ കടലാസിൽ വരച്ചിടുന്നത്. തുളസിയില, ആര്യവേപ്പിന്‍റെ ഇല, പച്ചമഞ്ഞൾ, തേയില തുടങ്ങിയവ ഉപയോഗിച്ചാണ് ഈ ചിത്രകാരന്‍ തന്‍റെ ചിത്രങ്ങൾക്ക് ആവശ്യമുള്ള നിറങ്ങൾ ഉണ്ടാക്കുന്നത്. ജ്വല്ലറി ജീവനക്കാരനായ ഷിബുരാജ് കഴിഞ്ഞ 15 വർഷമായി ഇല ഛായത്തിൽ തന്‍റെ പരീക്ഷണം നടത്തുകയാണ്.
കോഴിക്കോട് വൈക്കം മുഹമ്മദ് ബഷീർ റോഡിലെ ഗുരുകുലം ആർട്ട് ഗ്യാലറിയിലാണ് ഇല ഛായ ചിത്ര പ്രദർശനവുമായി ഷിബുരാജ് കാണികളെ അമ്പരപ്പിക്കുന്നത്. 70 ചിത്രങ്ങളടങ്ങിയ പ്രദർശനം ഒക്ടോബർ രണ്ടിന് സമാപിക്കും.