കാസർകോട്: രാജപുരത്ത് കരള്‍രോഗം ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ഗതാഗത സൗകര്യം ഇല്ലാത്തതിനാൽ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ചുമലിലേറ്റി നടന്ന് വീട്ടിലെത്തിച്ചത് ഒരു കിലോമീറ്റര്‍ ദൂരം. കുണ്ടും കുഴിയും നിറഞ്ഞ വഴിയിലൂടെ മരംകൊണ്ട് നിര്‍മിച്ച താത്കാലിക നടപ്പാലവും കടന്ന് മൃതദേഹവും ചുമലിലേറ്റിയുള്ള യാത്ര ആരുടെയും ഉള്ളുലയ്ക്കും.
കാസർകോട് രാജപുരം പുളിംകൊച്ചി സ്വദേശിയും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനുമായ പി.എ. ഗോപാലന്‍റെ (54) മൃതദേഹമാണ് നാട്ടുകാർ ഒരു കിലോമീറ്ററോളം ചുമലിലേറ്റി വീട്ടിൽ എത്തിച്ചത്. കഴിഞ്ഞ ദിവസം ആശുപത്രിയിൽ വെച്ചാണ് ഗോപാലൻ മരിച്ചത്. രാത്രിയില്‍ സ്വദേശത്തെ വീട്ടിലെത്തിക്കാന്‍ നല്ല റോഡും ഇവിടെയുള്ള തോടിന് പാലവുമില്ലാത്തതിനാല്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് മൃതദേഹം നാട്ടിലെത്തിച്ചത്.
തുടര്‍ന്ന് ടാറിങ് റോഡ് അവസാനിക്കുന്ന പുളിംകൊച്ചിയില്‍ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള തറവാട് വീട്ടിലേക്ക് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം ചുമലിലേറ്റി എത്തിക്കുകയായിരുന്നു. 30 പട്ടികവര്‍ഗ കുടുംബങ്ങള്‍ കഴിയുന്ന മേഖലയാണിത്. ഇവിടേക്ക് ഗതാഗതയോഗ്യമായ റോഡും പാലവും വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ അധികൃതർ തിരിഞ്ഞു നോക്കാതായതോടെ നാട്ടുകാർ തന്നെ കുത്തിയൊലിക്കുന്ന തോടിനു കുറുകെ മരപ്പാലമുണ്ടാക്കി.
Also Read: അച്ഛനെ അവസാനമായി കാണണമെന്ന് എബിൻ, യൂസഫലി ഇടപെട്ടു ; ബാബുവിന് ജന്മനാട്ടിൽ അന്ത്യവിശ്രമം
ജീവൻ പണയം വെച്ചാണ് കുട്ടികൾ അടക്കം താത്കാലിക മരപ്പാലം പാലം മുറിച്ചു കടക്കുന്നത്. കണ്ണൊന്നു മാറിയാൽ താഴെവീണു ഒഴുക്കിൽ പെടും. മഴ ശക്തമായാൽ ഈ മേഖല പൂർണ്ണമായും ഒറ്റപ്പെടും. പ്രതിഷേധം ശക്തമാകുമ്പോള്‍ ഉടന്‍ നിര്‍മിക്കുമെന്ന ഉറപ്പ് മാത്രമാണ് ലഭിക്കാറെന്ന് ഇവിടെയുള്ളവര്‍ പറയുന്നു.
ഇതിനിടെ ഒന്നോ രണ്ടോ വട്ടം ഇതിനുള്ള അടങ്കലും തയ്യാറാക്കിയിരുന്നു. എന്നാല്‍ പ്രവൃത്തി യാഥാര്‍ഥ്യമായില്ലെന്ന് മാത്രം. ഈ വര്‍ഷവും മഴയില്‍ തോട് നിറഞ്ഞൊഴുകാന്‍ തുടങ്ങിയതോടെ വിദ്യാര്‍ഥികളുടെ പഠനമടക്കം മുടങ്ങിയിരുന്നു. ശോഭയാണ് ഭാര്യ, അഷിന്‍, അക്ഷിത്, അഷ്വിത് (പരേതന്‍) എന്നിവര്‍ മക്കളാണ്.