കോഴിക്കോട്: കോർപ്പറേഷൻ സംഘടിപ്പിച്ച വയോജനോത്സവം വാർധക്യത്തിലേക്ക് കടന്നവർക്ക് ഉണർവ്വും ഉന്മേഷവും നൽകി നിരവധി പേർ വേദിയിൽ കയറിയപ്പോൾ ലൈല ജാഫർ എന്ന 64കാരി സൂപ്പർ താരമായി. ഒരു സിനിമാറ്റിക് ഡാൻസിലൂടെയാണ് അവർ കാഴ്‌ചക്കാരുടെ മനം കവർന്നത്. സാമൂഹ്യ നീതി വകുപ്പിൽ നിന്ന് വിരമിച്ച ലൈലക്ക് ഡാൻസ് ഒരു ഹരമാണ്.
സ്ഥലകാല ബോധം മറന്ന് എവിടെയും അവർ സ്റ്റെപ്പിടും. ഇതൊന്നും ശാസ്ത്രീയമായി പഠിച്ചതല്ല. പാട്ട് കേൾക്കുമ്പോൾ അതിനൊത്ത സ്റ്റെപ്പുകളങ്ങ് വരും. വീട്ടിൽ വെറുതെയിരിക്കുമ്പോൾ ടെലിവിഷൻ കാണും. അത്യാവശ്യം അതിൽ നിന്ന് മനസിലാക്കും. പൊതുവേ സ്‌പീഡ് നമ്പറുകളോടാണ് താൽപര്യം. തമിഴ് ഡെപ്പാംകുത്തിൽ മതിമറക്കും.
ചെറുപ്പകാലം വെള്ളയിലായിരുന്നു. നാലാം ക്ലാസ് വരെ ലൈല ഡാൻസ് പഠിക്കാൻ പോയിരുന്നു. ബാലജനസഖ്യത്തിലൂടെ ആയിരുന്നു പ്രകടനം. എന്നാൽ, വീട്ടിലെ മുതിർന്ന സ്ത്രീകൾക്ക് ഇതൊന്നും ഇഷ്‌ടമായിരുന്നില്ല. പക്ഷെ, കമ്യൂണിസ്റ്റുകാരനായ അച്ഛനും ചെറിയച്ഛനും എല്ലായിടത്തും ലൈലയെ കൊണ്ടുപോകുകയും ഡാൻസ് കളിക്കുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു.
കോളജ് കാലത്ത് പക്ഷേ ഡാൻസിലൊന്നും സജീവമാകാൻ കഴിഞ്ഞില്ല. വിവാഹം കഴിഞ്ഞതോടെ എടക്കാട് കക്കുഴിപ്പാലത്തായി താമസം. പിന്നെ ജോലിത്തിരക്ക്.. എല്ലാം ഒന്ന് ട്രാക്കിലായപ്പോഴാണ് സ്റ്റെപ്പിന് താളം തിരഞ്ഞത്. റസിഡൻസ് അസോസിയേഷൻ പരിപാടികൾ, വിവാഹ സൽക്കാരങ്ങൾ.. എന്തിനേറെ പറയുന്നു നാലാള് ഒത്തുചേരുന്നിടത്ത് ഒരു സ്‌പീഡ് നമ്പർ കേട്ടാൽ അപ്പോൾ ചുവടുവയ്‌ക്കാൻ തോന്നും ലൈലാമ്മയ്ക്ക്.
ക്രിസ്ത്യൻ കോളജ് ലാബ് ജീവനക്കാരനായ ഭർത്താവ് ജാഫർ എല്ലാ കലാപ്രവർത്തനങ്ങൾക്കും നല്ല സപ്പോർട്ടാണെന്ന് ലൈല പറയുന്നു. തട്ടമിട്ടാലും ഇല്ലെങ്കിലും നീ നീ തന്നെയാണെന്ന ഭർത്താവിൻ്റെ ഡയലോഗിലാണ് പ്രചോദനം. മർച്ചൻ്റ് നേവി ഉദ്യോഗസ്ഥനായ ഏക മകനും ഉമ്മക്ക് പിന്തുണയാണ്.
ഇനിയും പുതിയ വേദികൾ തേടുന്ന ലൈല ഓർമ്മിപ്പിക്കുന്നത് ഒന്നു മാത്രം.. 'വയസ്സായി വരുന്നു എന്ന ബോധം മാറ്റുക, എന്തെങ്കിലും കലാപ്രവർത്തനങ്ങളുടെ ഭാഗമാകുക, മനസിനും ശരീരത്തിനും ഉന്മേഷം ലഭിച്ചാൽ വയസ് തോൽക്കും അസുഖങ്ങളും'.