കോഴിക്കോട്: പാവപ്പെട്ട രോഗികൾക്ക് ആശ്രയ കേന്ദ്രമാവുകയാണ് കുറ്റ്യാടി താലൂക്ക് ആശുപത്രി. സ്വകാര്യ ആശുപത്രികളില്‍ ലക്ഷങ്ങൾ ചെലവാകുന്ന മുട്ട് മാറ്റിവെക്കല്‍ ശസ്‌ത്രക്രിയയും താക്കോല്‍ദ്വാര ശസ്‌ത്രക്രിയയുമെല്ലാം ചുരുങ്ങിയ ചെലവിലാണ് ഇവിടെ നടത്തി കൊടുക്കുന്നത്. ജില്ലയില്‍ ആദ്യമായി മുട്ട് മാറ്റിവെക്കല്‍ ശസ്‌ത്രക്രിയ നടത്തിയ താലൂക്ക് ആശുപത്രിയെന്ന ബഹുമതി നേടിയ കുറ്റ്യാടിയില്‍ നിരവധി രോഗികളാണ് ദിനംപ്രതി എത്തുന്നത്. എല്ലുരോഗ വിദഗ്‌ധന്‍ ഡോ. ജ്യോതി പ്രശാന്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനകം 20 മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയകളും 150 താക്കോൽ ദ്വാര ശസ്‌ത്രക്രിയകളും ആശുപത്രിയില്‍ നടന്നതായി ഡോ. ജ്യോതി പ്രശാന്ത് പറഞ്ഞു.
മരുതോങ്കരയിലെ 72 വയസുള്ള പാറച്ചാലിൽ നാരായണി 20 വർഷമായി അനുഭവിക്കുന്ന കാൽമുട്ട് വേദനക്ക് പരിഹാരമായത് കുറ്റ്യാടിയിലെ ചികിത്സയായിരുന്നു. സ്വകാര്യ ആശുപത്രികളിൽ രണ്ട് ലക്ഷം രൂപയിൽ കൂടുതലുള്ള ചെലവുകൾ താങ്ങാനാകാത്ത കുടുംബം താലൂക്ക് ആശുപത്രിയെ സമീപിക്കുകയായിരുന്നു. ശസ്‌ത്രക്രിയക്ക് വിധേയയായ നാരായണി നാല് ദിവസം കൊണ്ട് തന്നെ ക്ലച്ചസിന്‍റെ സഹായത്തോടെ നടക്കാനും തുടങ്ങി. ചുരുങ്ങിയ ചെലവില്‍ ശസ്‌ത്രക്രിയ പൂര്‍ത്തിയായതില്‍ സന്തോഷമുണ്ടെന്ന് നാരായണിയും ബന്ധുക്കളും പറഞ്ഞു. താലൂക്ക് ആശുപത്രിയിൽ ഇത്തരം സേവനങ്ങൾ സൗജന്യ നിരക്കിൽ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതായി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത് അറിയിച്ചു.