കോഴിക്കോട്: മാവൂരിലെ ചെറൂപ്പ കുറ്റിക്കടവ് പാലം കൈവരികൾ തകർന്ന് അപകടവസ്ഥയില്‍. ചെറുപുഴയ്‌ക്ക് കുറുകെ കുറ്റിക്കടവിനെയും കണ്ണിപ്പറമ്പിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് അപകടാവസ്ഥയിലായത്. പാലത്തിന്‍റെ പലഭാഗത്തും കൈവരി തകർന്ന നിലയിലാണ്. കൈവരിയുടെ കോൺക്രീറ്റ് തകർന്നും അകത്തെ കമ്പികൾ പുറത്തെത്തിയും ഇരുമ്പുകമ്പികൾ തുരുമ്പെടുത്തും ഒടിഞ്ഞും ശോച്യാവസ്ഥയിലാണ് പാലം. പാലത്തിൽ അടുത്തകാലത്തൊന്നും അറ്റകുറ്റപ്പണി നടത്താത്തതാണ് കൈവരി തകർന്ന് അപകടാവസ്ഥയിലാകാൻ കാരണം.
നാലുചക്രവാഹനങ്ങൾക്ക് കടന്നുപോകാൻ വീതിയുള്ള പാലമാണിത്. ചെറൂപ്പ, കുറ്റിക്കടവ് ഭാഗങ്ങളിൽനിന്ന് കണ്ണിപ്പറമ്പ്, മുഴാപ്പാലം, കെട്ടാങ്ങൽ തുടങ്ങിയ ഭാഗങ്ങളിലേക്ക് എളുപ്പം എത്താവുന്ന വഴിയാണിത്. പാലം അപകടാവസ്ഥയിലായതോടെ കാൽനടയാത്രക്കാരും വിദ്യാർഥികളും ദുരിതത്തിലായി. വലിയ വാഹനങ്ങൾക്കുകൂടി കടന്നുപോകാവുന്നവിധം വലിയ പാലം പണിയണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായിരിക്കുകയാണ്.