കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിലെ കുന്ദമംഗലം, പെരുവയൽ, പെരുമണ്ണ, ഒളവണ്ണ, ചാത്തമംഗലം, മാവൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് കുന്ദമംഗലം നിയമസഭാ മണ്ഡലം. 105862 പുരുഷ വോട്ടർമാരും 110614 സ്ത്രീ വോട്ടർമാരും അടക്കം ആകെ 216476 വോട്ടർമാർ മണ്ഡലത്തിൽ ഉണ്ട്. സ്ത്രീ വോട്ടർമാരാണ് മണ്ഡലത്തിൽ കൂടുതലുള്ളത്.
മണ്ഡലത്തിന്‍റെ ചരിത്രം
1957ലെ തെരഞ്ഞെടുപ്പിൽ ഐൻസിയുടെ ലീല ദാമോദരൻ മേനോനാണ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്. 1960ലെ തെരഞ്ഞെടുപ്പിലും ലീല ദാമോദരൻ തന്നെ വിജയച്ചു. 1967ൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി മണ്ഡലം പിടിച്ചെടുത്തു. 1970ൽ മുസ്ലീം ലീഗിന്‍റെ പിവിഎസ്എം പൂക്കോയ തങ്ങളിലൂടെ കോൺഗ്രസ് കുന്ദമംഗലത്ത് തിരിച്ചെത്തി.
1977 മുതലുള്ള കണക്കെടുത്താൽ അഞ്ച് തവണ ഇടത് പക്ഷം ഇവിടെ നിന്നും ജയിച്ചിട്ടുണ്ട്. 1977ൽ കെപി രാമനാണ് മത്സരിച്ച് വിജയിച്ചത്. മൂന്ന് തവണ സിപിഎം സ്ഥാനാർഥി സിപി ബാലൻ വൈദ്യർ ആണ് ഇവിടെ നിന്ന് വിജയിച്ചത്. 2001 ലും 2006ലും സ്വതന്ത്രനായി നിന്ന് യുഡിഎഫിന് വേണ്ടി യുസി രാമൻ ഇവിടെ നിന്നും ജയിച്ചു. പക്ഷെ 2011ൽ പിടിഎ റഹീം മണ്ഡലം ഇടതുപക്ഷത്തിന് വേണ്ടി തിരിച്ചു പിടിച്ചു. 2016ൽ യുസി രാമനെതിരെ ഇടതുപക്ഷ പിന്തുണയോടെ മത്സരിച്ച് വിജയിച്ചാണ് പിടിഎ റഹീം നിയമസഭയിൽ എത്തിയത്. സികെ പദ്മനാഭനിലൂടെ ബിജെപി കഴിഞ്ഞ തവണ ഇവിടെ 11.40% വോട്ട് നേടി മികച്ച നേട്ടം കൈവരിച്ചു.
![Kunnamangalam Election Special Kunnamangalam election special Kunnamangalam assembly constituency analysis കുന്ദമംഗലം മണ്ഡലം നിയമസഭാ തെരഞ്ഞെടുപ്പ്](https://etvbharatimages.akamaized.net/etvbharat/prod-images/kunnamangalam-mla-gfx_0703newsroom_1615097022_439.png)
![Kunnamangalam Election Special Kunnamangalam election special Kunnamangalam assembly constituency analysis കുന്ദമംഗലം മണ്ഡലം നിയമസഭാ തെരഞ്ഞെടുപ്പ്](https://etvbharatimages.akamaized.net/etvbharat/prod-images/kunnamangalam-2016-gfx_0703newsroom_1615097022_1052.png)
മണ്ഡലത്തിന്‍റെ രാഷ്ട്രീയം
കോഴിക്കോട് ജില്ലയിലെ മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് ഇവിടെ ബിജെപിക്ക് വോട്ടുകൾ കൂടുതലാണ് എന്നത് ഇടതു വലതു മുന്നണികളുടെ ജയപരാജയത്തെ സാരമായി ബാധിച്ചേക്കും. 96 ലെ തെരഞ്ഞെടുപ്പിൽ നഷ്ടമായ കൊയിലാണ്ടി കോൺഗ്രസ് തിരിച്ചുപിടിച്ചപ്പോൾ, ഇടതുപക്ഷം തുടർച്ചയായി ജയിച്ചിരുന്ന കുന്ദമംഗലം സ്വതന്ത്രനെയിറക്കി ലീഗ് സ്വന്തമാക്കിയിരുന്നു. ആദ്യകാലങ്ങളിൽ ജയിപ്പിച്ച് വിട്ട ഇടത് പക്ഷത്തെ തള്ളി യുഡിഎഫിൽ ആഭയം പ്രാപിച്ച കുന്ദമംഗലം വീണ്ടും ഇടതിലേക്ക് തന്നെ ചായുകയായിരുന്നു. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനും യുഡിഎഫിനും തുല്യ പിന്തുണ മണ്ഡലം നൽകി.
തദ്ദേശ തെരഞ്ഞെടുപ്പ് 2020
![Kunnamangalam Election Special Kunnamangalam election special Kunnamangalam assembly constituency analysis കുന്ദമംഗലം മണ്ഡലം നിയമസഭാ തെരഞ്ഞെടുപ്പ്](https://etvbharatimages.akamaized.net/etvbharat/prod-images/kunnamangalam-lsg-gfx_0703newsroom_1615097022_361.png)
തദ്ദേശ തെരഞ്ഞെടുപ്പിൽ കുന്ദമംഗലത്തെ ആറ് പഞ്ചായത്തുകളിൽ മൂന്നിടത്ത് എൽഡിഎഫും മൂന്നിടത്ത് യുഡിഎഫും ഭരണം പങ്കിട്ടു. കുന്ദമംഗലം, പെരുവയൽ, മാവൂർ പഞ്ചായത്തുകൾ യുഡിഎഫിനെ പിന്തുണച്ചപ്പോൾ പെരുമണ്ണ, ഒളവണ്ണ, ചാത്തമംഗലം പഞ്ചായത്തുകളിൽ എൽഡിഎഫാണ് വിജയിച്ചത്.