കോട്ടൂളിയിലെ ഇരുപത്തിയഞ്ചാം വാർഡിലെ വീടുകളിൽ നിന്നും മാലിന്യം ശേഖരിക്കുന്ന കുടുംബശ്രീ തൊഴിലാളികളാണ് മാലിന്യം ശേഖരിക്കുന്ന പാത്രങ്ങളും ചാക്കുകളും ജോലിക്ക് ശേഷം വൃത്തിയാക്കുന്നതിനായി റോഡരികിലെ ഓടയിലേക്ക് ഇറങ്ങുന്നത്. രാവിലെ മുതൽ മാലിന്യം ശേഖരിക്കുന്ന തൊഴിലാളികൾ ജോലിക്ക് ശേഷം വീണ്ടും മലിനജലത്തിലേക്ക് ഇറങ്ങേണ്ടി വരുന്ന ദുരവസ്ഥ അധികൃതരെ അറിയിച്ചിട്ടും നടപടിയല്ലെന്നും പരാതി പറയുന്നു.
നിലവിൽ തങ്ങളുടെ പാത്രങ്ങളും മറ്റും ഓടയിലെ വെള്ളം ഉപയോഗിച്ച് കഴുകിയ ശേഷം കയ്യും മുഖവും കഴുകുന്നതിന് സമീപത്തെ വീടുകളെ ആണ് ആശ്രയിക്കുന്നത്. അതും ചില വീട്ടുകാർ കനിഞ്ഞില്ലെങ്കിൽ മലിനജലത്തിൽ തന്നെ കയ്യും കാലും കഴുകേണ്ട അവസ്ഥയാണെന്ന് അവർ പറയുന്നു. തങ്ങൾക്ക് ജോലി ശേഷം വൃത്തിയാക്കുന്നതിന് ഒരു പൊതുപൈപ്പ് വേണമെന്ന ആവശ്യം അധികൃതരെ അറിയിച്ചപ്പോൾ സ്ഥലം കണ്ടെത്താനുള്ള മറുപടിയാണ് ലഭിച്ചതെന്നും അവർ പറഞ്ഞു.
മാലിന്യം ശേഖരിക്കുന്നതിന് പുറമേ സ്വന്തം ശരീരം വൃത്തിയാക്കുന്നതിന് പോലും മലിനജലം ഉപയോഗിക്കേണ്ടി വരുന്നത് ഗുരുതര ആരോഗ്യപ്രശ്നം ഉണ്ടാക്കുമെന്ന ആശങ്ക പങ്കുവെച്ചാണ് ഇവർ തങ്ങളുടെ ജോലി തുടരുന്നത്.