കോഴിക്കോട്: മുക്കം അനധികൃത ചാരായ വാറ്റ് കേന്ദ്രത്തിൽ കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ നൂറു ലിറ്റർ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ എള്ളങ്ങൾ റബർ തോട്ടത്തിലാണ് ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തിൽ വ്യാജ ചാരായ നിർമ്മാണത്തിനായി വാഷ് സൂക്ഷിച്ചിരുന്നത്.
കോളനിയിലും പരിസരത്തും രാത്രികാലങ്ങളിൽ ചാരായ വാറ്റും പകൽസമയങ്ങളിൽ മദ്യപാനവും പതിവായതോടെ ഇതിനെതിരെ കുടുംബശ്രീ പ്രവർത്തകർ തന്നെ മുന്നിട്ടിറങ്ങുകയായിരുന്നു. സൗഭാഗ്യ, വൃന്ദാവൻ എന്നീ കുടുംബശ്രീ പ്രവർത്തകരാണ് ചാരായ വാറ്റ് അവസാനിപ്പിക്കാൻ മുന്നിട്ടിറങ്ങിയത്.
ഇവർ നടത്തിയ തിരച്ചിലിലാണ് നൂറു ലിറ്ററോളം വാഷ് കണ്ടെത്തിയത്. തുടർന്ന് വാർഡ് മെമ്പർ സവാദ് ഇബ്രാഹിമിനെ വിവരമറിയിക്കുകയായിരുന്നു. വാർഡ് മെമ്പർ മുക്കം പൊലീസിനെ വിവരമറിയിച്ചതിനെത്തുടർന്ന് എസ്ഐ വി .കെ റസാക്ക്, എഎസ്ഐ ജയമോദ്, സിപിഒ സുനിൽ, ഹോംഗാർഡ് സിനീഷ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി വാഷ് നശിപ്പിച്ചു. പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ച ശേഷമാണ് വാഷ് നശിപ്പിച്ചത്. വരും ദിവസങ്ങളിലും മുക്കം പൊലീസ് സ്റ്റേഷൻ പരിധിയിൽ അനധികൃത ചാരായ വാറ്റ് നെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.