കോഴിക്കോട്: യുഡിഎഫ് സെഞ്ച്വറിയടിച്ച് അധികാരത്തിലെത്തുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തില്‍ ശക്തമായ യുഡിഎഫ് തരംഗമാണ് നിലവിലുള്ളത്. വടകര ചോമ്പാല എല്‍പി സ്‌കൂളില്‍ ഭാര്യ ഉഷയോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേമത്ത് ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് പറയുന്ന മുഖ്യമന്ത്രി മഞ്ചേശ്വരത്തെ കുറിച്ച് ഒന്നും പറയുന്നില്ല.മഞ്ചേശ്വരത്ത് ബിജെപി അധ്യക്ഷനെ വിജയിപ്പിക്കാന്‍ സിപിഎം രഹസ്യധാരണ ഉണ്ടാക്കി.അതിനാലാണ് ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ സിപിഎം അവിടെ നിര്‍ത്തിയത്. മുഖ്യമന്ത്രിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു. അതുകൊണ്ടാണ് മൂന്നരമണിക്കൂര്‍ റോഡ് ഷോ നടത്തിയത്. മുഖ്യമന്ത്രി വിനയാന്വിതനാകുന്നത് പിആര്‍ ഏജന്‍സികളുടെ നിര്‍ദ്ദേശപ്രകാരമാണെന്നും വോട്ടെടുപ്പ് ദിനത്തില്‍ മുഖ്യമന്ത്രി പ്രകടിപ്പിച്ചത് കൃത്രിമ വിനയമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.