കോഴിക്കോട് : നിപ വൈറസ് (Nipah Virus Kerala) ബാധിത പ്രദേശങ്ങളിൽ കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്‍റെ വിദഗ്‌ധസംഘം ഇന്നെത്തി പഠനം നടത്തും (Central Animal Husbandry Expert Team In Kerala). സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്‍റെ കീഴിലുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസില്‍ (State Institute for Animal Diseases) നിന്നും കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ (Kerala Veterinary and Animal Science University) നിന്നുമുള്ള ഡോക്‌ടര്‍മാരും കേന്ദ്ര സംഘത്തോടൊപ്പം ചേരും. ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കര ഭാഗത്ത് ചത്ത നിലയില്‍ കാണപ്പെട്ട കാട്ടുപന്നിയുടെ സാമ്പിളുകളും പരിശോധിക്കും (Kozhikode's Nipah Virus Concern).
വവ്വാലുകളുടെ പഠനവും ഇതോടൊപ്പം നടക്കും. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്ന് (സെപ്‌റ്റംബര്‍ 18) മുതല്‍ ക്ലാസുകള്‍ ഓണ്‍ലൈനിൽ ആയിരിക്കും. ട്യൂഷന്‍ സെന്‍ററുകള്‍, കോച്ചിങ് സെന്‍ററുകള്‍ എന്നിവ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്ലാസുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ നടത്തണമെന്ന് ഉത്തരവുണ്ട്. വിദ്യാര്‍ഥികളെ ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വരുത്താന്‍ പാടില്ല.
അങ്കണവാടികള്‍, മദ്രസകള്‍ എന്നിവയുള്‍പ്പടെയുള്ള സ്ഥാപനങ്ങളിലും വിദ്യാര്‍ഥികള്‍ എത്തിച്ചേരേണ്ടതില്ല. സര്‍ക്കാര്‍ നിര്‍ദേശം ലഭിക്കുന്ന മുറയ്‌ക്കായിരിക്കും നേരത്തെ ജില്ലയില്‍ തീരുമാനിച്ച പരീക്ഷകള്‍ മാറ്റിവയ്‌ക്കുക എന്നും ജില്ല കലക്‌ടര്‍ അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് ഇന്നലെ (സെപ്‌റ്റംബര്‍ 17) പുതിയ പോസിറ്റീവ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസകരമാണ് (Nipah Latest News). ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ കഴിഞ്ഞിരുന്ന ഒന്‍പത് വയസുകാരൻ്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. കണ്ണ് തുറന്ന കുട്ടിക്ക് നിലവിൽ ഓക്‌സിജന്‍ നൽകുന്നുണ്ട്.
2,133 പേരാണ് നിലവിൽ സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇതിൽ 357 പേരാണ് ഹൈ റിസ്‌ക് കാറ്റഗറിയിലുള്ളത്. നിപ വൈറസ് പരിശോധനയ്ക്ക് സംസ്ഥാനത്തും സംവിധാനങ്ങൾ സജ്ജമായിട്ടുണ്ട്. തിരുവനന്തപുരം തോന്നയ്ക്കല്‍ (Thonnakkal), കോഴിക്കോട് (Kozhikode), ആലപ്പുഴ (Alappuzha) എന്നിവിടങ്ങളിലെ വൈറോളജി ലാബുകളില്‍ നിപ പരിശോധന നടത്താനും സ്ഥിരീകരിക്കാനുമുള്ള സംവിധാനമായി.
ഇത് കൂടാതെ രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയുടെയും (RGCB) പൂനെ എന്‍ ഐ വിയുടെയും (National Institute Of Virology Pune) മൊബൈല്‍ ലാബുകളും കോഴിക്കോടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വളരെ വേഗത്തില്‍ നിപ പരിശോധനകള്‍ നടത്താനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും സാധിക്കും.