കോഴിക്കോട്: മണാശ്ശേരി എംകെഎച്ച് എംഎംഒ ഹയര്‍സെക്കന്‍ററി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാർഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗിങിനിരയാക്കി മർദിച്ചു. മുക്കം കുളങ്ങര സ്വദേശി ചേറ്റൂര്‍ ബഷീറിന്‍റെ മകന്‍ അമല്‍ സിദാനെയാണ് ഇന്നലെ സീനിയര്‍ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ ക്യാമ്പസിനുള്ളില്‍ വച്ച് സംഘം ചേര്‍ന്ന് ആക്രമിച്ചതായി പരാതിയുള്ളത്. ശരീരമാസകലം പരിക്കേറ്റ വിദ്യാര്‍ഥിയെ വിദഗ്ധ ചികിത്സക്കായി മണാശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥിയും രക്ഷിതാവും പ്രിന്‍സിപ്പിലിന് പരാതി നല്‍കി.
കഴിഞ്ഞമാസം കെഎംസിടി ആര്‍ട്‌സ് കോളജില്‍ പഠിക്കുന്ന രണ്ടാം വര്‍ഷ വിദ്യാര്‍ഥി ഫാസിലിനെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗിങിനിരയാക്കി ക്രൂരമായി മര്‍ദിച്ചിരുന്നു. അതിലുൾപ്പെട്ട അക്രമികള്‍ക്കെതിരെയും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും പരാതിപ്പെട്ടു. തുടര്‍ക്കഥയാവുന്ന ഇത്തരം റാഗിങ് കേസുകളില്‍ പ്രിന്‍സിപ്പലും നിയമപാലകരും കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.