കോഴിക്കോട്: ആര്‍ടി ഓഫിസില്‍ സൂക്ഷിക്കേണ്ട രേഖകള്‍ പെട്ടിക്കടയില്‍ കണ്ടെത്തി. ചേവായൂരിലെ ഓഫിസിന് സമീപത്തുള്ള പെട്ടിക്കടയിലാണ് ഒന്നര ലക്ഷം രൂപയും ആര്‍ ടി ഓഫിസിലെ രേഖകളും കണ്ടെത്തിയത്. ഓഫിസിലെ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുവെന്നാരോപിച്ച് ലഭിച്ച പരാതിയെ തുടര്‍ന്ന് വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് പണവും രേഖകളും കണ്ടെത്തിയത്.
ചേവായൂരിലെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്തെ കടയില്‍ നിന്നാണ് രേഖകളും പണവും കണ്ടെത്തിയത്. റെബിന്‍ ചന്ദ്രന്‍ എന്നയാളിന്‍റെ ഉടമസ്ഥതയിലുള്ളതാണ് കട. ആർടി പുതുക്കൽ, വാഹന ഫിറ്റ്നസ് പരിശോധന തുടങ്ങിയവയ്ക്കുള്ള രേഖകൾ കൈകൂലി നൽകിയാൽ പെട്ടികടയില്‍ നിന്ന് നല്‍കിയിരുന്നെന്നാണ് ലഭിക്കുന്ന വിവരം.
കടയുടമ ഉദ്യോഗസ്ഥരുടെ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുകയായിരുന്നു. കൈക്കൂലിയുടെ വിഹിതം ഉദ്യോഗസ്ഥരും കൈപറ്റിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. രേഖകളുടെ പരിശോധന പൂർത്തിയാവുന്നതോടെ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും.
കോഴിക്കോട് വിജിലൻസ് സ്പെഷൽ സെൽ എസ്‌പി പ്രിൻസ് എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. ഓഫിസർമാർ ഒപ്പിട്ട രേഖകളാണ് വിജിലൻസ് പിടിച്ചെടുത്തത്.