കോഴിക്കോട് : കോഴിക്കോട്, കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക് (Kozhikode Private Bus Strike). തലശ്ശേരിയിൽ ബസ് കണ്ടക്‌ടർക്കെതിരെ പൊലീസ് അകാരണമായി പോക്സോ ചുമത്തി കേസെടുത്തു എന്നാരോപിച്ചാണ് പണിമുടക്ക് (Private bus strike Kozhikode). കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാന്‍ഡില്‍ നിന്നും ഒരു ലിമിറ്റഡ് സ്റ്റോപ്പ് ബസ് പോലും സർവീസ് നടത്തിയിട്ടില്ല.
പൊതുവേ കുറച്ച് സർവീസുകൾ മാത്രം നടത്തുന്ന കെഎസ്ആർടിസിയെ ആശ്രയിക്കുകയാണ് യാത്രക്കാർ. അതേസമയം ലോക്കൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ട്.
തലശ്ശേരിക്കടുത്ത് ചൊക്ലി പൊലീസ് സ്റ്റേഷനിലാണ് ബസ് കണ്ടക്‌ടറായ ചക്കരക്കല്ല് മൗവ്വഞ്ചേരി സ്വദേശി സത്യനാഥൻ (59)നെതിരെ കേസെടുത്തത്. പത്താം ക്ലാസ് വിദ്യാർഥിനികളോട് ബസിൽ വച്ച് അപമാര്യാദയായി പെരുമാറിയെന്നാണ് പരാതി. സ്‌കൂൾ പ്രധാന അധ്യാപകനാണ് കണ്ടക്‌ടർക്കെതിരെ പരാതി നൽകിയത്.
സ്‌കൂളിലെത്തി വിദ്യാർഥിനികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോക്സോ ചുമത്തി കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. 2020 വരെ ദീർഘകാലം ബസ് ജീവനക്കാരനായ സത്യനാഥൻ മൂന്ന് വർഷത്തിന് ശേഷം ഒരാഴ്‌ച മുമ്പാണ് തലശേരി കരിയാട് റൂട്ടിൽ കണ്ടക്‌ടറായി ജോലി ആരംഭിച്ചത്.