കോഴിക്കോട്: കുന്ദമംഗലം-അഗസ്ത്യൻ മുഴി മൾട്ടി സർക്യൂട്ട് ലൈൻ നിർമാണവുമായി ബന്ധപ്പെട്ട് ആശങ്ക ഒഴിയാതെ ഇരകൾ. സ്ഥലമുടകളുമായി ആശയ വിനിമയമില്ലാതെയും നിയമാനുസൃതമായ നടപടി ക്രമങ്ങൾ പാലിക്കാതെയും നിലവിലെ ലൈൻ വികസിപ്പിച്ചതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്.
ജനങ്ങളുടെ പരാതി
വീടുകൾക്ക് ഭീഷണിയായും ഫലവൃക്ഷങ്ങൾ ഉൾപ്പെടെ നശിപ്പിച്ചുമാണ് ലൈൻ സ്ഥാപിച്ചത്. ഇതുമൂലം ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാത്ത രീതിയിലായതും ജനങ്ങൾക്ക് ആശങ്കക്ക് ഇടയാക്കുന്നു. ഇത് സംബന്ധിച്ച് യാതൊരു അറിയിപ്പും ലഭിച്ചില്ലെന്നും ഭൂവുടമകൾ പറയുന്നു.
അലൈമെന്‍റ് മാറ്റം വരുത്തിയിട്ടില്ലെന്നും നിലവിലെ ലൈൻ വികസിപ്പിക്കുക മാത്രമേ ചെയ്‌തുള്ളൂവെന്നാണ് അധികൃതർ പറയുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ആറ് ലൈൻ കടന്ന് പോയ സ്ഥാനത്തിപ്പോൾ 18 ലൈനുകൾ കടന്നു പോകുന്ന രീതിയിലാണ് ടവർ വീതിക്കുകയും ഉയരും കുറച്ച് ലൈൻ വലിക്കുകയും ചെയ്‌തതെന്ന് ഭൂ ഉടമകൾ പറയുന്നു.
പ്രശ്‌ന പരിഹാരത്തിനായി ആക്ഷൻ കമ്മറ്റി
പ്രശ്‌നവുമായി ബന്ധപ്പെട്ട് നിയമ നടപടികൾ സ്വീകരിക്കാനും പ്രക്ഷോഭ പരിപാടികൾക്കുമായി ഇരകൾ ആക്ഷൻ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. പഞ്ചായത്ത് അംഗങ്ങളും വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികൾ ഉൾപ്പെടെ 13 അംഗങ്ങൾ ഉൾക്കൊള്ളുന്ന കമ്മറ്റിയാണ് രൂപീകരിച്ചത്.
അധികൃതരുടെ വാദം
ടവർ നിർമാണം നടന്ന വസ്‌തു ഉടമകളിൽ ഭൂരിഭാഗം പേർക്കും നഷ്ടപരിഹാരത്തിന് നടപടി സ്വീകരിച്ചതായും കണക്കെടുക്കുന്ന മുറക്ക് മരങ്ങളും മറ്റും വെട്ടിമാറ്റുന്നതിനുള്ള നഷ്ടപരിഹാരവും ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
നേരത്തേ 110 കെ.വി.ലൈൻ ഭൂനിരപ്പിൽ നിന്ന് 10.4 മീറ്റർ ഉയരമുണ്ടായിരുന്നത് 19 മുതൽ 22 മീറ്റർ വരെ ഉയരം വർധിച്ചിട്ടുണ്ട്. 220 കെ.വി.വിതരണ ലൈൻ 27 മുതൽ 33 മീറ്റർ വരെ ഉയരത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. നിലവിലുണ്ടായിരുന്ന 110 കെ.വി.ലൈനിന്‍റെ മധ്യഭാഗത്ത് നിന്ന് രണ്ട് ഭാഗത്തേക്കും 11 മീറ്റർ വീതിയിൽ ഇലക്ട്രിസിറ്റി ആക്ട് അനുസരിച്ച് റൈറ്റ് ഓഫ് വേ നിലവിലുണ്ടെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.
ALSO READ: ഭൂമി കയ്യേറ്റത്തില്‍ നടപടിയില്ല; പരാതിയുമായി ഗ്രീന്‍ കെയര്‍ കേരള