കോഴിക്കോട് : മെഡിക്കൽ കോളജ് പരിസരത്ത് ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവിന്‍റെ മരണവുമായി ബന്ധപ്പെട്ട് എസ്‌സി-എസ്‌ടി കമ്മിഷന് പൊലീസ് റിപ്പോർട്ട് സമർപ്പിക്കും. ഇന്ന് അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് എത്തിയാണ് റിപ്പോർട്ട് കൈമാറുക. കമ്മിഷൻ ചെയർമാൻ ബി എസ് മാവോജിയാണ് കേസിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നത്.
വിശ്വനാഥൻ്റേത് തൂങ്ങിമരണം ആണെന്നാണ് പോസ്റ്റുമോർട്ടം നടത്തിയ ഫോറൻസിക് സർജൻ നൽകിയ മൊഴി. വിശ്വനാഥന്‍റെ ശരീരത്തില്‍ ആറ് മുറിവുകളാണുള്ളത്. മര്‍ദ്ദനമേറ്റ പാടുകളില്ല. ശരീരത്തിലെ മുറിവുകള്‍ മരത്തില്‍ കയറുമ്പോള്‍ ഉണ്ടായതാണെന്ന് ഫൊറന്‍സിക് സര്‍ജന്‍ വിശദീകരിച്ചിരുന്നു. ഇതിനെ അടിസ്ഥാനപ്പെടുത്തിയുള്ള റിപ്പോർട്ടായിരിക്കും പൊലീസ് കൈമാറുക.
അതേസമയം, പൊലീസിൻ്റെ ഭാഗത്ത് നിന്നുള്ള പരിശോധന തുടരുകയാണ്. മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാരേയും വിശ്വനാഥനോടൊപ്പമുണ്ടായിരുന്ന കൂട്ടിരിപ്പുകാരായ ഏതാനും പേരെയും ചോദ്യം ചെയ്‌തു. വിശ്വനാഥൻ ആത്മഹത്യ ചെയ്‌ത ദിവസം ആശുപത്രി പരിസരത്ത് ഉണ്ടായിരുന്ന മറ്റുള്ളവരെ കൂടി കണ്ടെത്താനുള്ള ശ്രമവും തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ആദിവാസി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു. മെഡിക്കൽ കോളജ് പൊലീസ് അസിസ്റ്റൻ്റ് കമ്മിഷണറും മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടും അന്വേഷണം നടത്തി ഒരാഴ്‌ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. കേസ് ഫെബ്രുവരി 21 ന് പരിഗണിക്കും.
Also read: കോഴിക്കോട് മെഡിക്കല്‍ കോളജിലെ ആദിവാസി യുവാവിന്‍റെ മരണം: ആത്മഹത്യയെന്ന് ഡോക്ടര്‍
മേപ്പാടി പാറവയൽ സ്വദേശി വിശ്വനാഥനെയാണ് മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് വിശ്വനാഥൻ രണ്ടുദിവസം മെഡിക്കൽ കോളജ് മാതൃശിശു വിഭാഗം ആശുപത്രിയിൽ എത്തിയത്.