കോഴിക്കോട്: മെഡിക്കൽ കോളജ് ഐസിയുവിലെ പീഡന കേസിൽ പ്രതികാര ഉത്തരവുമായി മെഡിക്കൽ എജ്യുക്കേഷൻ ഡയറക്‌ടർ. മെഡിക്കൽ കോളജ് ഐസിയുവിലെ പീഡന കേസിൽ പരാതിക്കാരിക്ക് അനുകൂലമായി മൊഴി നൽകിയ ജീവനക്കാരെ തിരുവനന്തപുരത്തേക്കു വിളിപ്പിച്ചു. 14, 16 തീയതികളിൽ തിരുവനന്തപുരത്ത് എത്തിയില്ലെങ്കിൽ കർശന നടപടി എടുക്കുമെന്നും ഇവരുടെ ഭാഗം കേൾക്കാതെ റിപ്പോർട്ട് തയാറാക്കി ഉന്നത തീരുമാനത്തിനായി അയയ്ക്കുമെന്നുമാണ് ഡയറക്‌ടറുടെ കത്ത്. ഭരണകക്ഷി സർവീസ് സംഘടന നേതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കത്തെന്നാണ് ജീവനക്കാർക്കിടയില്‍ പറയപ്പെടുന്നത്.
പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയ കേസിൽ അഞ്ച് ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിക്കുന്നതില്‍ അനുകൂലമായി റിപ്പോർട്ട് നൽകിയ ഭരണ വിഭാഗത്തിൽപെട്ട ഡോക്‌ടറെ മൊഴിയെടുപ്പിൽ നിന്ന് ഒഴിവാക്കിയതും സംശയം വർധിപ്പിക്കുന്നുണ്ട്. ഭീഷണിപ്പെടുത്തിയ അഞ്ച് പേരെയും തിരിച്ചറിഞ്ഞതായി യുവതി അന്വേഷണ സംഘത്തിനു മൊഴി നൽകുകയായിരുന്നു.
ജീവനക്കാരുടെ പേരും മറ്റ് വിവരങ്ങളും ആരാണ് അതിജീവിതയ്ക്കു നല്‍കിയത് എന്നറിയാനായിരുന്നു ഡയറക്‌ടറുടെ നീക്കം. തെളിവെടുപ്പിനെത്തിയ ജോയിന്‍റ് ഡിഎംഇയുടെ നേതൃത്വത്തിലുള്ള സംഘം വിവരങ്ങൾ യുവതി എങ്ങിനെ തിരിച്ചറിഞ്ഞു എന്ന് ചോദിച്ചറിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള ഉത്തരവുമായി മെഡിക്കൽ എജ്യുക്കേഷൻ ഡയറക്‌ടർ കത്തയച്ചിരിക്കുന്നത്. അന്വേഷണ സംഘത്തിനു മുന്നിൽ മൊഴി നൽകിയവരെയാണ് വീണ്ടും മൊഴിയെടുക്കാനായി വിളിപ്പിച്ചത്. പരാതിക്കാരിക്കൊപ്പം നിൽക്കുമെന്ന് ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചതോടുകൂടിയാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടറേറ്റിൽ നിന്ന് പരാതി അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നത്.
ALSO READ : കോഴിക്കോട് മെഡിക്കല്‍ കോളജ് ശസ്‌ത്രക്രിയ വാര്‍ഡിലെ പീഡനം ; നീതി തേടി അതിജീവിത ഹൈക്കോടതിയിലേക്ക്
ശസ്‌ത്രക്രിയ കഴിഞ്ഞ യുവതിയെ ഐസിയുവിനുള്ളിൽ വച്ചാണ് ആശുപത്രി ജീവനക്കാരനായ വടകര സ്വദേശി ശശീന്ദ്രൻ പീഡിപ്പിച്ചത്. തൈറോയിഡ് ശസ്‌ത്രക്രിയയ്ക്ക് ശേഷം ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് യുവതിയെ സ്‌ത്രീകളുടെ സർജിക്കൽ ഐസിയുവിലേക്ക് മാറ്റിയിരുന്നു. യുവതിയെ ഇവിടെയെത്തിച്ചത് ഈ അറ്റൻഡറാണ് ഇതിനുശേഷം മടങ്ങിയ ഇയാൾ അൽപസമയം കഴിഞ്ഞ് തിരികെവന്ന് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.
ശസ്‌ത്രക്രിയക്കുവേണ്ടി അനസ്‌തേഷ്യ നൽകിയിരുന്നതിനാൽ മയക്കം പൂർണമായും മാറാത്ത അവസ്ഥയിലായിരുന്നു യുവതി. പിന്നീട് സംസാരിക്കാവുന്ന അവസ്ഥയായപ്പോൾ വാർഡിലുണ്ടായിരുന്ന നഴ്‌സിനോട് യുവതി കാര്യം പറയുകയായിരുന്നു. തുടർന്ന് ബന്ധുക്കളെ അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്‌തു. കേസിൽ റിമാൻഡിലായ പ്രതിയെ ആശുപത്രിയിൽ നിന്ന് സസ്പെൻഡ് ചെയ്‌തിരുന്നു. ഇതിനിടെയാണ് പരാതി പിൻവലിക്കാനായി അതിജീവിതയ്ക്ക് മേൽ സമ്മർദം ചെലുത്തിയത്.
പീഡനത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ പൊലീസ് കുന്ദമംഗലം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. പീഡന പരാതി ഇല്ലാതാക്കാൻ അഞ്ച് വനിത ജീവനക്കാർ ചേർന്ന് പരാതിക്കാരിയായ രോഗിക്ക് മേൽ ഭീഷണിയും സമ്മർദവും ചെലുത്തിയെന്നാണ് കുറ്റപത്രത്തില്‍ ഉണ്ടായിരുന്നത്. സമ്മർദത്തിന് വഴങ്ങാതിരുന്നതോടെ യുവതിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നത് വരുത്തി തീർക്കാനായി ശ്രമം നടന്നതായും പറയുന്നു.
ALSO READ : കോഴിക്കോട് മെഡിക്കൽ കോളജിലെ പീഡന പരാതി; പ്രതി കസ്‌റ്റഡിയിൽ