കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തെ മയക്കുമരുന്ന് വിൽപ്പനയും സാമൂഹ്യ വിരുദ്ധരുടെ അതിക്രമവും നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥയിലെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട്. ഇത് തടയാൻ ശ്രമിക്കുന്ന ആശുപത്രി സുരക്ഷ ജീവനക്കാരുടെ ജീവന് ഭീഷണിയുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു. സാമൂഹ്യ വിരുദ്ധരെ നിയന്ത്രിക്കാൻ പൊലീസിന്‍റെ സുരക്ഷ ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് ജില്ല പൊലീസ് മേധാവിക്ക് കത്ത് കൈമാറി.
മയക്കുമരുന്ന് സംഘത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന സുരക്ഷ ജീവനക്കാർക്ക് നേരെ ഇത്തരക്കാർ മാരക ആയുധങ്ങളുമായാണ് നേരിടാൻ എത്തുന്നത്. ഇവരുടെ സംഘത്തിൽ സ്ത്രീകളും പ്രായപൂർത്തിയാകാത്ത കുട്ടികളും ഉണ്ടെന്നാണ് സുരക്ഷ ജീവനക്കാർ സൂപ്രണ്ടിന് നൽകിയ റിപ്പോർട്ട്. രാത്രി കാലങ്ങളിൽ മെഡിക്കൽ കോളജ് ക്യാമ്പസിൽ എത്തുന്ന ഇത്തരക്കാരെ ഭയന്ന് കൂട്ടിരിപ്പുകാർക്ക് പുറത്തിറങ്ങാനോ ജീവനക്കാർക്ക് ജോലിക്ക് പോകാനോ പറ്റാത്ത അവസ്ഥയാണ്.
നിലവിൽ പൊലീസ് പട്രോളിങ് ഇല്ലാത്തതും സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം വർധിക്കാൻ കാരണമായിട്ടുണ്ട്. ഒരുതരത്തിലും നേരിടാൻ പറ്റാത്ത അവസ്ഥയിലേക്ക് ഈ സംഘം വളർന്നു കഴിഞ്ഞെന്നും പരാതിയിൽ പറയുന്നു. പ്രവേശന കവാടത്തിന് സമീപം കൂട്ടിരിപ്പുകാർക്ക് വിശ്രമിക്കാൻ ഒരുക്കിയ ഷെഡ്ഡ്, കിച്ചൻ വരാന്ത, സംരക്ഷണ കേന്ദ്രത്തിന്‍റെ മുൻവശം, മോർച്ചറിക്ക് സമീപമുള്ള ഷെഡ്, ഡെന്‍റൽ, ഫാർമസി, നഴ്‌സിംഗ്, കോളജുകളുടെ മുൻവശങ്ങൾ, സൂപ്പർ സ്പെഷ്യാലിസ്റ്റ് ബ്ലോക്കിൻ്റെ പിൻവശം തുടങ്ങി പന്ത്രണ്ടോളം കേന്ദ്രങ്ങളിലാണ് സാമൂഹ്യ വിരുദ്ധർ കൂട്ടമായി തമ്പടിക്കുന്നത്.
കൃത്യമായ ഇടവേളകളിൽ പൊലീസ് പട്രോളിംഗ് നടത്തി ആശുപത്രിക്ക് ആവശ്യമായ സുരക്ഷ ഉറപ്പ് വരുത്തണമെന്നും സൂപ്രണ്ട് ആവശ്യപ്പെടുന്നു. കത്തിനോട് ജില്ലാ പൊലീസ് മേധാവി ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.