കോഴിക്കോട്: പറയാന്‍ നന്മകളും പുതുമകളും പുരോഗതിയും ഏറെയുള്ള നാടാണ് നമ്മുടെ കോഴിക്കോട്. പക്ഷെ പറഞ്ഞിട്ടെന്ത് കാര്യമെന്ന് നാട്ടുകാര്‍ മൂക്കത്ത് വിരല്‍ വയ്ക്കുകയാണിപ്പോള്‍. ഒന്നരപതിറ്റാണ്ട് മുന്നേ തന്നെ കോഴിക്കോട്ടുക്കാര്‍ കേട്ട് തുടങ്ങിയതാണ് മെഡിക്കല്‍ കോളജിന് സമീപത്ത് ഒരു ബസ് സ്റ്റാന്‍ഡ് വരുന്നുണ്ടെന്ന്. 2009 ല്‍ അന്നത്തെ മന്ത്രി പാലൊളി മുഹമ്മദ് കുട്ടി തറക്കല്ലിട്ട് നിര്‍മ്മാണം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. പക്ഷെ നാളിതുവരെ ബസു പോയിട്ട് ഒരു ഓട്ടോ റിക്ഷ പോലും പാര്‍ക്ക് ചെയ്യാനുള്ള സംവിധാനം ഈ ഭാഗത്തെങ്ങും ഒരു സര്‍ക്കാരും പണിതില്ലെന്നാണ് നാട്ടുകാരുടെ പരാതി.(construction of kozhikode medical college bus stand).
ബസ്‌റ്റാൻഡ് നിർമിക്കുന്നതിന്‍റെ മുന്നോടിയായി രണ്ടു വർഷം മുന്നെ മെഡിക്കൽ കോളജിൽ നിന്നും മാവൂരിലേക്ക് പോകുന്ന ഭാഗത്തുണ്ടായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം കോർപ്പറേഷൻ അധികൃതർ പൊളിച്ചു നീക്കി. അതോടെ യാത്രക്കാർക്ക് മഴയും വെയിലും ഏൽക്കാതെ ബസ് കാത്തിരിക്കുന്നതിനുണ്ടായിരുന്ന ഏക ആശ്രയവും നഷ്ടമായി. കോര്‍പ്പറേഷന്‍ അധികാരികള്‍ ജനങ്ങളെ കൂടുതല്‍ കഷ്ടത്തിലാക്കിയെന്ന് ചുരുക്കം.
മെഡിക്കൽ കോളജിൽ നിന്നും ബസ് കയറാൻ എത്തുന്ന യാത്രക്കാർ ഇപ്പോൾ ബസ് കാത്തുനിൽക്കുന്നത് ഫുട്‌പാത്തിലാണ്. ഇത് മരുന്നും മറ്റ് മെഡിക്കൽ ഉപകരണങ്ങളും വാങ്ങാനെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഏറെ പ്രയാസം സൃഷ്‌ടിക്കുന്നുണ്ട്.
ജില്ലയിലെ മലയോര മേഖലകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കും മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്കും 350 ഓളം ബസുകൾ ഇതുവഴി പ്രതിദിനം 1200 ലേറ സർവീസുകൾ നടത്തുന്നുണ്ട്. ജില്ലയില്‍ പലയിടത്തുംപഞ്ചായത്ത് തലത്തിൽ പോലും ബസ്‌റ്റാൻഡുകൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും ഏഷ്യയില്‍ മൂന്നാം സ്ഥാനത്തുള്ള മെഡിക്കൽ കോളജ് പരിസരത്ത് ബസ്‌റ്റാൻഡ് നിര്‍മ്മിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തത് ആകെ നാണക്കേടാണെന്ന് നാട്ടുകാര്‍ പറയുന്നു.
മെഡിക്കൽ കോളജ് -മാവൂർ റോഡിന്‍റെ സമീപത്ത് ബസ്‌റ്റാൻഡിനു വേണ്ടി നേരത്തെ തന്നെ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഈ ഭാഗം കാടുപിടിച്ച് പാമ്പ് കയറിയ അവസ്ഥയിലാണ്. നഗരത്തിലെ ചെറുതും വലുതുമായ ഹോട്ടലുകളില്‍ നിന്ന് മാലിന്യം തളളുന്നതും ഇവിടെ തന്നെ.
ബസ്‌റ്റാൻഡ് നിർമിക്കുന്നതിന് ജില്ലാ ഭരണകൂടമോ സർക്കാറോ തയ്യാറാവാത്തതിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. മെഡിക്കൽ കോളജിൽ എത്തുന്ന ജനങ്ങൾ നേരിടുന്ന പ്രയാസത്തിന് പരിഹാരമായി അടിയന്തരമായി ബസ്‌റ്റാൻഡ് നിർമിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരവുമായി മുന്നിട്ടിറങ്ങുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.