കോഴിക്കോട്: ലോകകപ്പ് ഫുട്ബോളിന്‍റെ ആവേശം പകർന്ന് കോട്ടൂളിയിൽ മെസിമാരുടെ റോഡ് ഷോ. മെസിയുടെ മുഖംമൂടിയണിഞ്ഞ് നിരവധി ഫുട്ബോൾ ആരാധകരാണ് നിരത്തിലിറങ്ങിയത്. സംഘത്തിൽ കുഞ്ഞു മെസി മുതൽ വലിയ മെസി വരെ ഉണ്ടായിരുന്നു.
ബാന്‍ഡ് മേളത്തിന്‍റെ അകമ്പടിയോടെയാണ് മെസി ഷോ നടന്നത്. മെസികൂട്ടത്തെ കാണാനായി റോഡിനിരുവശത്തും നിരവധിപേരാണ് ഒത്തുകൂടിയത്. ലോകകപ്പ് ഫുട്ബോൾ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കാൻ രൂപീകരിച്ച ഫുട്ബോൾ ഫാൻസ് കോട്ടൂളിയുടെ ആഭിമുഖ്യത്തിലായിരുന്നു അർജൻ്റീന ഫാൻസിൻ്റെ റോഡ് ഷോ.
കരിമ്പയിൽ താഴത്ത് നിന്ന് ആരംഭിച്ച ഷോ കോട്ടൂളി സെൻ്ററിൽ അവസാനിച്ചു. കെ. വിജേഷ്, എൻ.പി അഭിനവ്, എൻ. ആർ വിപിൻ, കോട്ടൂളി ഫുട്ബോൾ ഫാൻസ് കൺവീനർ കെ.വി പ്രമോദ് എന്നിവർ ഷോയ്ക്ക് നേതൃത്വം നൽകി. ലോകകപ്പ് ഫുട്ബോൾ ആസ്വദിക്കാൻ 500 ഓളം പേർക്ക് ഇരിക്കാവുന്ന ഗ്യാലറിയാണ് ഇവിടെ സജ്ജീകരിക്കുന്നത്.