കോഴിക്കോട് : പരലോകം പുണ്യമാകണമെങ്കിൽ ഖബറിടം പൂങ്കാവനമാകണം എന്നാണ് വിശ്വാസം. അതിൻ്റെ ഉത്തമ മാതൃകയാണ് കണ്ണംപറമ്പ് ഖബർസ്ഥാൻ. മുഖദാറിനും കോതിക്കുമിടയിൽ അറബിക്കടലിന് സമീപത്തായി 13 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന, രാജ്യത്തെ ഏറ്റവും വലിയ ശ്‌മശാനങ്ങളിൽ ഒന്ന്.
ഹമീദ് എന്ന പരിപാലകന്‍ : നിപയും കൊവിഡും ബാധിച്ച് മരിച്ചവർക്ക് അന്ത്യവിശ്രമം നൽകിയ ഇടംകൂടിയാണ് കണ്ണംപറമ്പ് ശ്‌മശാനം. ഇവിടുത്തെ ഖബറിടങ്ങളെല്ലാം ഇങ്ങനെ പൂത്തുലഞ്ഞ് നിൽക്കുന്നതിന് പിന്നിൽ ബിഹാർ സ്വദേശി ഹമീദിൻ്റെ കരസ്‌പർശമുണ്ട്.
അഞ്ച് വർഷമായി ഹമീദ് കേരളത്തിൽ എത്തിയിട്ട്. എന്നും രാവിലെ ആറ് മുതൽ 12 മണി വരെ ഈ ഖബർസ്ഥാനിൽ ഹമീദ് ഉണ്ടാകും. ഓരോ ഖബറിടത്തിൻ്റെയും രണ്ട് ഭാഗത്തും ചെടികൾ വച്ച് പിടിപ്പിച്ച് പരിപാലിക്കും. മുളച്ച് പൊങ്ങുന്ന മറ്റ് ചെടികളും പുല്ലുമെല്ലാം പിഴുത് മാറ്റും. ഒരു കൈത്തൂമ്പയുമായി രാവിലെ മുതൽ ഹമീദ് ഉണ്ടാകും, ഗുലാബ് വിരിയിക്കാൻ. ഖബറിടത്തിന് വെള്ളം നൽകാനും പ്രാർഥിക്കാനും ദിനംപ്രതി ആളുകൾ ഇവിടെ എത്തിച്ചേരാറുണ്ട്. അവർക്കെല്ലാം വഴികാട്ടി കൂടിയാണ് ഹമീദ്.
ചരിത്രത്തില്‍ കണ്ണംപറമ്പ് ഖബർസ്ഥാൻ : മലബാറിൽ കോളറ പടർന്നപ്പോൾ മൃതദേഹങ്ങള്‍ സംസ്‌കരിക്കാൻ 1862 ൽ അഞ്ചേമുക്കാൽ ഏക്കറിൽ ആരംഭിച്ച ശ്‌മശാനമാണിത്. 1890ൽ വീണ്ടും കോളറ വ്യാപിച്ച് 900 ത്തോളം മുസ്‌ലിങ്ങൾ മരിച്ചു. ഇതോടെ മുസ്‌ലിങ്ങൾക്ക് മാത്രമായി ഒരു പൊതുശ്‌മശാനം വേണമെന്ന ആവശ്യമുയർന്നു. ഇതോടൊപ്പം എതിർപ്പുകളും ഉയർന്നുവന്നു. ഇതെല്ലാം മറികടന്ന് 1900ത്തിലാണ് കണ്ണംപറമ്പ് ഭൂമി മുസ്‌ലിങ്ങളുടെ മൃതദേഹം മറവുചെയ്യാൻ നിർബന്ധമായും ഉപയോഗിക്കണം എന്ന വിജ്ഞാപനം ഇറങ്ങിയത്.
1931ൽ തൊട്ടടുത്തുള്ള മരക്കാൻ കടവുപറമ്പിൻ്റേയും നൈനാം വളപ്പിൻ്റേയും ഭാഗങ്ങൾ കൂട്ടിച്ചേര്‍ത്ത് ശ്‌മശാനം 13 ഏക്കറാക്കി. 1943ൽ മലബാറിൽ പടർന്നുപിടിച്ച കോളറയിൽ മരിച്ചവരെ മുഴുവൻ സംസ്‌കരിച്ചതും ഇവിടെയാണ്. കാടുപിടിച്ചുകിടന്നിരുന്ന ശ്‌മശാനം 1999ൽ നവീകരിച്ചു. 2001ൽ പള്ളിയും പുതുക്കി പണിതു.
മഹാന്മാരുടെ അന്ത്യവിശ്രമ സ്ഥലം : സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്‌ദുറഹിമാൻ സാഹിബ്, ഇ.മൊയ്‌തു മൗലവി, കേരള സൈഗാൾ കോഴിക്കോട് അബ്‌ദുൾ ഖാദർ, മുൻ മന്ത്രിമാരായ പി.എം അബൂബക്കർ, പി.പി ഉമ്മർകോയ, ബി.വി അബ്ദുള്ളക്കോയ, ഒളിമ്പ്യൻ റഹ്‍മാൻ, ഏറ്റവും ഒടുവിൽ മാമുക്കോയ തുടങ്ങി പ്രമുഖരെല്ലാം അന്ത്യവിശ്രമം കൊള്ളുന്നതും ഈ മണ്ണിൽ തന്നെയാണ്. ഈ ആത്മാക്കളോടെല്ലാം മിണ്ടിയും പറഞ്ഞും ഹമീദ് എന്നും കൂടെയുണ്ട്, ഖബറുകളെല്ലാം പൂങ്കാവനമാക്കി.