നേരത്തെ ഇങ്ങനെയായിരുന്നു ഈ വീടിന്‍റെ അവസ്ഥ. വീടെന്ന് പറയാനാകില്ല വീടിന്‍റെ ഒരു രൂപം മാത്രം. ഓടുമേഞ്ഞ മേൽക്കൂര അവിടവിടായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നു. വേനൽക്കാലത്ത് വെയിലേറ്റ് ഉരുകിയൊലിക്കും. മഴക്കാലത്ത് വീട് നിറഞ്ഞ് വെള്ളം. കോഴിക്കോട് പെരുമണ്ണ തെക്കേ പാടം നെല്ലിയോട്ട് ചന്ദ്രന്‍റെയും കല്യാണിയുടെയും വീട്ടിലെ ദുരിത കാഴ്‌ചയായിരുന്നു ഇതെല്ലാം.
കട്ടിലിൽ നിന്ന് ഒന്ന് എഴുന്നേൽക്കണമെങ്കിൽ പരസഹായം വേണ്ട ചന്ദ്രനും വാർദ്ധക്യസഹജമായ അസുഖങ്ങളുള്ള കല്യാണിക്കും നാട്ടുകാരുടെയും റോട്ടറി ക്ലബ്ബിന്‍റെയും സഹായത്തോടെ മനോഹരമായ ഒരു കൊച്ചു വീട് ഒരുങ്ങിയിരിക്കുകയാണ്. ഇവരുടെ ദുരിതമറിഞ്ഞ നാട്ടുകാരും കോഴിക്കോട് ഈസ്റ്റ് റോട്ടറി ക്ലബ്ബും ചേർന്നാണ് വീട് യാഥാർഥ്യമാക്കിയത്.
ആറുമാസം മുൻപാണ് വീടിന്‍റെ പ്രവർത്തി ആരംഭിച്ചത്. രണ്ട് കിടപ്പുമുറികളും ഹാളും അടുക്കളയും കോലായിയുമുള്ള മനോഹരമായ വീട്. വീടിന്‍റെ താക്കോൽ ദാനം മനുഷ്യാവകാശ കമ്മീഷൻ അംഗം കെ ബൈജുനാഥ് നിർവഹിച്ചു. പുതിയ വീട്ടിലെ ആദ്യ ദീപം തെളിയിക്കലും വിശിഷ്‌ടാതിഥികൾ നടത്തി. റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് ഈസ്റ്റ് പ്രസിഡണ്ട് സുന്ദർരാജ് അധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ്ബ് ഡിസ്‌ട്രിക്‌ട് ഗവർണർ ഡോ. സേതു ശിവശങ്കരൻ, സി എ മണി, പുത്തൂർ മഠം ചന്ദ്രൻ, രാജേഷ് പെരുമണ്ണ, എം ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.
തല ചായ്‌ക്കാനൊരു കൂരയ്‌ക്കായി അപേക്ഷിച്ച് വിൽസനും കുടുംബവും: ഒരു വീടെന്ന സ്വപ്‌നവുമായി മൂന്നംഗ കുടുംബം അധികൃതരുടെ മുന്നിൽ അപേക്ഷയുമായി കയറിയിറങ്ങാൻ തുടങ്ങിയിട്ട് നാളേറെയായെങ്കിലും ഇതുവരെയും ഫലമൊന്നും കണ്ടില്ല. രണ്ടുവർഷം മുമ്പാണ് മഴയിൽ തെങ്ങ് വീണ് വീടിന്‍റെ മേൽക്കൂര വിൽസണും രമണിക്കും കിടപ്പാടം നഷ്‌ട്ടമായത്.
വീട് പുതുക്കിപ്പണിയാൻ പണമില്ലാതായതോടെ തകർന്ന വീട്ടിൽ തന്നെ ഏറെ നാൾ കഴിഞ്ഞു. നട്ടെല്ല് തകർന്ന് ചികിത്സയിലാണ് രമണി. വിൽസണും രോഗബാധിതനാണ്. ഒട്ടും സുരക്ഷിതമല്ലാത്ത വീട്ടിൽ കഴിയുന്ന ഈ കുടുംബത്തിന്‍റെ ദയനീയ അവസ്ഥ കണ്ട്, നാട്ടുകാർ ഇടപെട്ട് ഇവരെ വാടക വീട്ടിലേക്ക് മാറ്റി. വാടക തങ്ങൾ കൊടുത്തോളാമെന്ന് നാട്ടുകാർ പറഞ്ഞിരുന്നു. എന്നാൽ തുടക്കത്തിൽ അതുണ്ടായെങ്കിലും പിന്നീട് നിലച്ചു. ഇതോടെ വിൽസണിന്‍റെ കുടുംബം വീണ്ടും കഷ്ട്ടത്തിലായി.
സംഭവം അറിഞ്ഞ ജനമൈത്രി പൊലീസ് വീട് നിർമ്മിച്ചു നൽകാനുള്ള സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും സർക്കാരിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചതോടെ ജനമൈത്രി പൊലീസും ശ്രമം ഉപേക്ഷിച്ചു. ഇതോടെ കുടുംബം വലിയ പ്രതിസന്ധിയിലായി. കക്ക വാങ്ങി വിൽപ്പന നടത്തിയാണ് വിൽസണ്‍ ഭാര്യയും മകളും അടങ്ങുന്ന കുടുംബത്തെ പോറ്റുന്നത്. ഭാര്യ രമണിയുടെ ചികിത്സയ്‌ക്ക് തന്നെ മാസം വലിയ ഒരു തുക ആവശ്യമാണ്. നിലവിൽ ഇവർക്ക് സൗജന്യമായി മരുന്നുകൾ എത്തിച്ചു നൽകുന്നത് ജീവകാരുണ്യ പ്രവർത്തകരാണ്.
READ ALSO: ഇനിയും ഇവരെ അവഗണിക്കരുത്, തല ചായ്‌ക്കാനൊരു കൂരയ്‌ക്കായി അപേക്ഷിച്ച് വിൽസനും കുടുംബവും