കോഴിക്കോട്: ഔദ്യോഗിക പക്ഷത്തിന് അപ്രമാധിത്യമുള്ള കോഴിക്കോട് സിപിഎമ്മിൽ പുതിയ ചേരി രൂപപ്പെടുന്നു. മന്ത്രി പി.എ മുഹമ്മദ് റിയാസിൻ്റെ (pa muhammed riyas) നേതൃത്വത്തിലാണ് ഒരു വിഭാഗം കച്ചമുറുക്കുന്നത്. 16 ഏരിയകളിൽ പലയിടത്തും ഔദ്യോഗിക പാനലിനെതിരെ മത്സരമുണ്ടായതും ഇതിൻ്റെ തെളിവാണ്.
കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം, ജില്ലാ സെക്രട്ടറി പി.മോഹനൻ എന്നിവർ നേതൃത്വം നൽകുന്ന ജില്ലാ നേതൃത്വത്തിനെതിരെയാണ് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ അനുകൂലിക്കുന്നവരുടെ നേതൃത്വത്തിൽ ജില്ലയിലെ പാർട്ടിയിൽ പുതിയ ചേരി രൂപപ്പെട്ടുന്നത്. ഇതിൻ്റെ സൂചനകൾ കോഴിക്കോട് നോർത്ത്, സൗത്ത്, ടൗൺ ഏരിയാ സമ്മേളനങ്ങളിൽ പ്രകടമായി.
എ പ്രദീപ് കുമാറിന്‍റെ പിന്തുണയും ഇവർ അവകാശപ്പെടുന്നു. കോഴിക്കോട് സൗത്ത് ഏരിയാ സമ്മേളനത്തിൽ ജില്ലാ നേതൃത്വം ഒഴിവാക്കാൻ നിർദേശിച്ച അംഗങ്ങളെ ഏരിയാ കമ്മിറ്റിയിൽ നിലനിർത്താൻ പുതിയ ഗ്രൂപ്പിന് കഴിഞ്ഞു. ജില്ലാ നേതൃത്വം ഉദേശിച്ചയാൾക്കു പകരം റിയാസ് പക്ഷത്തിന് താൽപര്യമുള്ള വ്യക്തിയാണ് സൗത്ത് ഏരിയയിൽ സെക്രട്ടറിയായത്.
also read: മുസ്ലിം തീവ്രവാദികളുടെ മുദ്രാവാക്യങ്ങൾ ലീഗ് ഏറ്റെടുത്തിരിക്കുന്നു: മുഖ്യമന്ത്രി
ടൗൺ ഏരിയാ സമ്മേളനത്തിൽ ജില്ലാ നേതൃത്വത്തിന്‍റെ താൽപര്യത്തിനു വിരുദ്ധമായി മുൻ കൗൺസിലറെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതും പുതിയ ഗ്രൂപ്പിന്‍റെ വിജയമായാണ് വിലയിരുത്തപ്പെട്ടത്. എന്നാൽ നോർത്ത്, ടൗൺ സമ്മേളനങ്ങളിലെ തിരിച്ചടിക്ക് ഔദ്യോഗിക പക്ഷം നോർത്ത് ഏരിയാ സമ്മേളനത്തിൽ കണക്കുതീർത്തു.
എ പ്രദീപ് കുമാറിനെ അനുകൂലിക്കുന്ന 3 പേരെ ഏരിയാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. നിയമസഭാ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കുറ്റ്യാടിയിൽ നടന്ന പരസ്യ പ്രതിഷേധവും തരംതാഴ്ത്തലുമാണ് ജില്ലാ സമ്മേളനത്തിലും ഉയരാൻ പോകുന്ന വലിയ വിഷയം. നേതൃത്വത്തിനെതിരെ ഒറ്റയ്ക്ക് പോരടിക്കാൻ ശേഷിയില്ലാത്ത ഈ വിഭാഗം കൂടി പുതിയ ചേരിയുടെ ഭാഗമായാൽ നിലവിലെ നേതൃത്വം തെല്ലൊന്ന് വിയർക്കും.