കോഴിക്കോട് : കോഴിക്കോട് സിറ്റി പൊലീസും ഭിന്നശേഷിക്കാർക്കുള്ള കേന്ദ്ര സർക്കാർ സ്ഥാപനമായ കോംപസിറ്റ് റീജിയണൽ സെന്‍റർ ഫോർ സ്‌കിൽ ഡെവലപ്മെന്‍റ് റീഹാബിലിറ്റേഷൻ ആൻഡ് എംപവർമെന്‍റ് ഓഫ് പഴ്‌സൺസ് വിത്ത് ഡിസെബിലിറ്റീസും (സിആർസി) സംയുക്തമായി വന്ദേമാതരവും ജനഗണമനയും ആംഗ്യഭാഷയിൽ അവതരിപ്പിച്ചു. ഭിന്നശേഷിക്കാരുടെ ഉൾച്ചേരൽ, മുഖ്യധാരാവൽക്കരണം, ഭിന്നശേഷിക്കാരോടുള്ള ഐക്യദാർഢ്യം എന്നീ ലക്ഷ്യങ്ങളോടെയാണ് ദേശീയ ഗാനവും ദേശഭക്തിഗാനവും ആംഗ്യഭാഷയിൽ അവതരിപ്പിച്ചത്. ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായായിരുന്നു പരിപാടി.
പുളിക്കൽ എബിലിറ്റി ആർട്‌സ് ആൻഡ് സയൻസ് കോളജ് ഫോർ ഹിയറിങ് ഇംപയേർഡുമായി സഹകരിച്ചായിരുന്നു ഉദ്യമം. പരിപാടിയിൽ കേൾവി പരിമിതി ഉള്ളവരോട് 'ഞങ്ങളും ഒപ്പമുണ്ട്' എന്ന് ഉറക്കെ പ്രഖ്യാപിച്ചു.
കോഴിക്കോട് സിറ്റിയിലെ മുഴുവൻ പൊലീസ് സ്റ്റേഷനിലെയും തെരഞ്ഞെടുത്ത ഉദ്യോഗസ്ഥർക്ക് സിആർസിയുമായി സഹകരിച്ച് ആംഗ്യഭാഷ പരിശീലനം നൽകിയിരുന്നു. മികച്ച പ്രതികരണമാണ് പൊലീസ് സ്റ്റേഷനിൽ നിന്നും സമൂഹത്തിൽ നിന്നും ഇതിന് ലഭിച്ചത്. ഈ പദ്ധതിയുടെ അടുത്തപടി എന്ന നിലയിലായിരുന്നു വന്ദേമാതരവും ജനഗണമനയും ആംഗ്യഭാഷയിൽ അവതരിപ്പിച്ചത്.
കോഴിക്കോട് സിറ്റി പൊലീസ് സേനാംഗങ്ങളും സിആർസിയിലെ മുഴുവൻ ജീവനക്കാരും വിദ്യാർഥികളും എബിലിറ്റി ഭിന്നശേഷി കോളജിലെ കേൾവി പരിമിതിയുള്ള വിദ്യാർഥികളും ഉൾപ്പടെ 200ലേറെ പേർ പരിപാടിയിൽ പങ്കെടുത്തു. ഭിന്നശേഷിക്കാർക്ക് നാളെയുടെ കരുത്തായി എല്ലാവരും അവരോടൊപ്പം ഉണ്ടാവുമെന്ന് വിളിച്ചോതുന്നതായിരുന്നു അവതരണം.