കോഴിക്കോട്: കടൽക്ഷോഭത്തെ തുടർന്ന് കോഴിക്കോട് ഭട്ട് റോഡിലെ പല വീടുകളും ഭാഗികമായി തകർന്നു. ഭാരം കുറഞ്ഞ കല്ലുകൾ വലയിൽ പൊതിഞ്ഞു നിരത്തുന്ന രീതിയിലാണ് കടൽഭിത്തിയുടെ നിർമ്മാണം. ശക്തമായ തിരയിൽ വല പൊട്ടി കല്ലുകൾ കടലിലേക്ക് ഒഴുകിപ്പോയിട്ടുണ്ട്. ഇതു മൂലം ഭിത്തിക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ട്. കൂടാതെ അടിഭാഗത്തെ മണൽ നീങ്ങിപ്പോകുന്നതിനാൽ ഭിത്തി എളുപ്പത്തിൽ ഇടിയുകയും ചെയ്യുന്നു.
ഇതിന് കല്ല് പൊതിഞ്ഞ വല തീരത്തുള്ള തെങ്ങുമായി ബന്ധിച്ച് താൽക്കാലിക പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. ചില ഭാഗത്ത് ഭിത്തികൾ പൂർണമായും ഒലിച്ചു പോയിട്ടുണ്ട്. എല്ലാ വർഷവും കടൽക്ഷോഭത്തെ തുടർന്ന് ഇവിടെ കടൽഭിത്തികൾ തകരുന്നത് പതിവാണ്. ഇതിന് ഉടനെ പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വേറെ ഭിത്തി നിർമ്മിക്കാമെന്ന് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വാഗ്‌ദാനം ലഭിച്ചതല്ലാതെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ഈ ഭാഗത്ത് ചെറിയ കല്ലുകൾ കൊണ്ട് കടൽഭിത്തി കെട്ടുന്നതിൽ കാര്യമില്ലെന്നാണു നാട്ടുകാർ പറയുന്നത്. ഭാരമുള്ള കല്ലുകൾ വച്ചാൽ ചിലപ്പോൾ ഒരു ശാശ്വത പരിഹാരമാവുമെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം.
ഭട്ട് റോഡിൽ കടൽക്ഷോഭത്തെ തുടർന്ന് കടൽഭിത്തി തകർന്നാണ് തൈക്കൂട്ടം പറമ്പിൽ പ്രകാശന്‍റെ വീട് തകർന്നത്. വീട് നിർമ്മിച്ചിട്ട് 40 വർഷമായിട്ടും ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം എന്നാണ് ഇവർ പറയുന്നത്. വീട് തകരുന്നതിന് മുമ്പേ ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. താൽക്കാലികമായി സമീപത്തുള്ള അംഗനവാടിയിലാണ് ഇവർ താമസിക്കുന്നത്. പുതിയാപ്പ മത്സ്യ ബന്ധന തുറമുഖത്തിനും വെള്ളയിൽ മത്സ്യ ബന്ധന തുറമുഖത്തിനും ഇടയിലുള്ള പ്രദേശമാണ് ഭട്ട് റോഡ് ബീച്ച്. ഇരു തുറമുഖങ്ങളിലും പുലിമുട്ട് ഉള്ളതിനാൽ ഭട്ട് റോഡ് ബീച്ച് ഭാഗത്ത് തിര ശക്തമായിരിക്കും. തിരയുടെ ആഘാതത്തിൽ കരഭാഗം ഇടിഞ്ഞു കടലിലേക്കു പോകുന്നതും ഇവിടെ പതിവാണ്. വർഷങ്ങളായി ഇത്തരത്തിൽ കര കടലെടുക്കുന്നുണ്ട്. അതും കടൽഭിത്തി തകരാൻ കാരണമാകുന്നു. ഇത്തവണത്തെ കടൽക്ഷോഭത്തിൽ 50 മീറ്റർ കര കടലെടുത്തിട്ടുണ്ട്. ഉറപ്പുള്ള കടൽഭിത്തി തീരത്തിന് സംരക്ഷണമാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.