കോഴിക്കോട് : ഓര്‍മശക്തിയുടെ മികവില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിരിക്കുകയാണ് മൂന്ന് വയസുകാരന്‍ അലൻ പ്രസാദ്. കാരശേരി ഗ്രാമപഞ്ചായത്തിലെ കുമാരനലൂർ തടപ്പറമ്പിൽ പുനത്തിൽ ലാലു പ്രസാദ്, അതുല്യ ദമ്പതികളുടെ ഏക മകനാണ് അലൻ. ഇന്ത്യയിലെ തലസ്ഥാനങ്ങൾ, സ്വാതന്ത്ര്യസമര സേനാനികൾ, ജില്ലകളുടെ പേരുകൾ, പക്ഷികളുടെ പേരുകൾ തുടങ്ങി 17 ഓളം ഇനങ്ങളുടെ പേരുകൾ ഈ കുഞ്ഞുമനസിലെ ഓർമത്താളിൽ ഭദ്രമാണ്.
ALSO READ: ആദിവാസി ജീവിതം നേര്‍കാഴ്ചയായി 'എമ്ത്ത് അറ്മെ' സംഗീത ആല്‍ബം
ലോക്ക്‌ഡൗൺ കാലത്തെ പരിശീലനവും മാതാപിതാക്കളുടെ പ്രോത്സാഹനവുമാണ് മൂന്ന് വയസുകാരനെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ എത്തിച്ചത്. ചെറുപ്പം മുതലേ അലൻ എല്ലാം അതിവേഗം മനഃപാഠമാക്കുന്നുവെന്ന് മനസിലാക്കിയതോടെയാണ് അതുല്യ ഇന്ത്യ ബുക്ക് റെക്കോർഡ്‌സിനെ കുറിച്ച് ആലോചിക്കുന്നത്. തുടർന്ന് മകനെ അതിനുവേണ്ടി സജ്ജമാക്കുകയായിരുന്നു.
തുടർന്ന് ഡിസംബർ 13ന് ആപ്ലിക്കേഷൻ കൊടുക്കുകയും പിന്നീട് വീഡിയോ അയച്ച് നൽകുകയുമായിരുന്നു. ഡിസംബർ 31ന് റെക്കോർഡ് സ്ഥിരീകരണവും എത്തി. അടുത്തതായി ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സില്‍ ഇടംപിടിക്കാനുള്ള തയാറെടുപ്പിലാണ് അലൻ പ്രസാദും കുടുംബവും.