കോഴിക്കോട്: രുചി കൊണ്ട് മനസും സല്‍ക്കാരം കൊണ്ട് ഹൃദയവും കീഴക്കുന്ന ഒരു നാടുണ്ടെങ്കില്‍ അത് നമ്മുടെ കോഴിക്കോടാണെന്ന കാര്യത്തില്‍ വലിയ തർക്കമുണ്ടാകില്ല. ആ സ്‌നേഹം ആവോളം ആസ്വദിച്ചവർക്ക് ഒരു ദു:ഖ വാർത്തയുണ്ട്. കോഴിക്കോടൻ രുചി നിറയുന്ന എംഎസ് എന്ന മില്‍ക്ക് സര്‍ബത്ത് കട ഇനി ചരിത്രം മാത്രമാണ്.
ഏഴു പതിറ്റാണ്ട്, മാറ്റമില്ലാത്ത രുചി, ഒരേ കട അങ്ങനെ കോഴിക്കോടിന്റെ സ്വകാര്യ അഹങ്കാരം കൂടിയാണ് ഇന്ന് പൂട്ട് വീണത്. ഭാസ്കരേട്ടനിലും കുമാരേട്ടനിലും തുടങ്ങി മക്കളിലൂടെ വളർന്ന് പതിറ്റാണ്ടുകളോളം കോഴിക്കോട്ടെത്തുന്നവരുടെ മനം കുളിർപ്പിച്ച ഈ സർബത്ത് കടയ്ക്ക് കരയും കടലും കടന്ന പെരുമയുണ്ട്. കെട്ടിട ഉടമകളുമായുള്ള കേസിൽ കട ഒഴിഞ്ഞുകൊടുക്കാനുള്ള ഹൈക്കോടതി വിധി വന്നതോടെയാണ് കടയ്‌ക്കും രുചിക്കും പൂട്ടുവീഴുന്നത്.
കോഴിക്കോട്ടെത്തിയാൽ എം.എസ് എന്ന ചുരുക്കപ്പേരിലറിയുന്ന മിൽക്ക് സർബത്തിന്റെ രുചിയറിയാൻ സി.എച്ച് മേൽപ്പാലത്തിന് താഴെ പാരഗൻ ഹോട്ടലിന് സമീപമുള്ള ഓടുമേഞ്ഞ ഈ പഴയ കടയിലെ തിരക്കിലലിയാത്തവർ കുറവായിരിക്കും. രാഷ്‌ട്രീയ, സാമൂഹിക, സിനിമ രംഗത്തെ നിരവധി പ്രമുഖരെ ആരാധകരാക്കിയ കോഴിക്കോടിന്‍റെ സ്വന്തം എംഎസ്, സാൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രത്തിലൂടെ സിനിമയിലും തലകാണിച്ചിട്ടുണ്ട്.
മറ്റെവിടെയെങ്കിലും പുനരാരംഭിക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാതെ സ്ഥാപനം അടച്ചിടലിലേക്ക് നീങ്ങുമ്പോള്‍, സങ്കടപ്പെടുത്തുന്നത് നഗരത്തിലെത്തുമ്പോൾ ഒരു മിൽക്ക് സർബത്ത് കുടിക്കുകയെന്ന കോഴിക്കോടിന്‍റെ ശീലത്തെ കൂടിയാണ്. 60 മുതൽ 70 ലിറ്റർ പാലാണ് ദിവസവും മിൽക്ക് സർബത്തിനായി ഉപയോഗിക്കുന്നത്. നിത്യവും 40-50 ലിറ്റര്‍ സര്‍ബത്ത് ചെലവാകുമെന്നും കുമാരന്‍റെ മകന്‍ ആനന്ദന്‍ പറയുന്നു.
മിൽക്ക് സർബത്തിന് പുറമെ സർബത്ത്, സോഡ സർബത്ത്, ലെമണ്‍ സോഡ, കാലി സോഡ എന്നിവയും ഈ കുഞ്ഞുകടയിലുണ്ട്. നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ കടയിലെത്തുമ്പോള്‍ സർബത്തിന് 45 പൈസയായിരുന്നുവെന്നും ആനന്ദന്‍ ഓര്‍ത്തെടുക്കുന്നു.