കോഴിക്കോട്: നീണ്ടകാലം മണ്ഡലം കൈവശം വെച്ചിരുന്ന കോൺഗ്രസിനെ കൊയിലാണ്ടി മണ്ഡലം കൈവിടുമ്പോൾ എല്‍ഡിഎഫിന് അതൊരു തുടക്കമായിരുന്നു. പക്ഷേ കൊയിലാണ്ടി എന്നും ശക്തമായ ഇടത് വലത് പോരാട്ടത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ എല്‍ഡിഎഫിന് സുരക്ഷിതമെന്ന് കരുതുമ്പോഴും യുഡിഎഫ് പഴയ പ്രതാപം തിരിച്ചുപിടിക്കാവനുള്ള ശ്രമത്തിലാണ്്.
മണ്ഡലത്തിന്‍റെ ചരിത്രം
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, പയ്യോളി എന്നീ നഗരസഭകളും ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, മൂടാടി, തിക്കോടി എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കൊയിലാണ്ടി നിയമസഭാ മണ്ഡലം. 91629 പുരുഷ വോട്ടർമാരും 101743 സ്ത്രീ വോട്ടർമാരും ഒരു ട്രാൻസ്ജെൻഡറും അടക്കം 193373 വോട്ടർമാരാണ് ആകെ ഉള്ളത്.
1957ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ പി.എം കുഞ്ഞിരാമൻ നമ്പ്യർ മണ്ഡലത്തിൽ നിന്നും വിജയിച്ചു. 1960ലും അദ്ദേഹത്തെ തന്നെയാണ് മണ്ഡലം തെരഞ്ഞെടുത്തത്. 1967ലെ തെരഞ്ഞെടുപ്പിൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയുടെ പി. കുഞ്ഞിരാമൻ കിടാവ് മണ്ഡലത്തിൽ നിന്നും വിജയിച്ചു. പിന്നീട് 1970 മുതൽ 1991വരെ മണ്ഡലം കോൺഗ്രസിന് സ്വന്തമായിരുന്നു. 1970ലും 1977 ലെയും തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ഇ. നാരായണൻ നായരും 1980ലും 1982ലും മണിമംഗലത്ത് കുട്ട്യാലിയും 1987ലും 1991ലും എംടി പത്മയും വിജയിച്ചു. നീണ്ട 26 വർഷം കോൺഗ്രസ് ഭരിച്ച കൊയിലാണ്ടി നിയമസഭാമണ്ഡലം 1996ലെ തെരഞ്ഞെടുപ്പിൽ പി വിശ്വനിലൂടെ എൽഡിഎഫ് പിടിച്ചെടുത്തു. തുടർന്ന് 2006ൽ ടൂറിസം മന്ത്രിയായിരുന്ന കോൺഗ്രസിന്‍റെ പി ശങ്കരൻ മണ്ഡലം തിരിച്ചു പിടിച്ചു. എന്നാൽ ശങ്കരൻ 2005 ജൂലൈ അഞ്ചിന് രാജി വെച്ചതോടെ കോൺഗ്രസിന്‍റെ കയ്യിൽ നിന്നും ഭരണം എൽഡിഎഫ് പിടിച്ചെടുത്തു. 2006 ൽ നടന്ന തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്‍റെ പി വിശ്വൻ വീണ്ടും മത്സരിച്ച് വിജയിച്ചു. തുടർന്ന് 2011ലും 2016ലും സിപിഎമ്മിന്‍റെ കെ ദാസൻ മണ്ഡലം നിലനിർത്തുകയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് 2011
1,36,394 വോട്ട് രേഖപ്പെടുത്തിയ 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ പി അനിൽ കുമാറിനെ 4,139 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് എൽഡിഎഫിന്‍റെ കെ ദാസൻ വിജയിച്ചത്. 1,36,394 പേർ വോട്ട് ചെയ്ത 2011ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 64,374 വോട്ടുകൾ നോടി. ബിജെപി കേവലം 8,086 വോട്ടുകൾ മാത്രമാണ് നേടിയത്.
നിയമസഭാ തെരഞ്ഞെടുപ്പ് 2016
കോൺഗ്രസിന്‍റെ എൻ സുബ്രഹ്മണ്യനെ 13,369 വോട്ടുകൾ തോൽപ്പിച്ച് സിറ്റിങ് സീറ്റ് എംൽഎഎ കെ ദാസൻ സീറ്റ് നിലനിൽത്തി. ആകെ 1,53,667 പേർ വോട്ട് ചെയ്ത തെരഞ്ഞെടുപ്പിൽ കെ ദാസൻ 70,593 വോട്ടുകൾ നേടി. എൻ സുബ്രഹ്മണ്യൻ 57,224 വോട്ടുകളും ബിജെപിയുടെ കെ രജിനേഷ് ബാബു 22,087 വോട്ടുകളും നേടി.
തദ്ദേശ തെരഞ്ഞെടുപ്പ് 2020
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പയ്യോളി നഗരസഭ മാത്രമാണ് യുഡിഎഫിന് നേടാനായത്. കൊയിലാണ്ടി നഗരസഭ, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, മൂടാടി, തിക്കോടി തുടങ്ങിയ പഞ്ചായത്തുകൾ എന്നിവ എൽഡിഎഫിനെ പിന്തുണച്ചു.